'സിന്ധുനദീജല കരാറിൽ ഇന്ത്യയുടെ നിലപാട് വ്യക്തം; ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ചയില്ല'- വിദേശകാര്യ മന്ത്രാലയം
text_fieldsരൺധീർ ജയ്‌സ്വാൾ
ന്യൂഡൽഹി: സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണികളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന തുടർച്ചയായ പിന്തുണയെത്തുടർന്ന് നിലവിൽ കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എന്നും വ്യക്തമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
"സിന്ധുനദീജല കരാറിൽ ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാൻ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് കരാർ താൽക്കാലികമായി മരവിപ്പിച്ചത്. ഇന്ത്യയുമായി വിഷയത്തിൽ മുന്നോട്ടുപോകണമെങ്കിൽ പാകിസ്ഥാൻ ഭീകരവാദത്തിനുള്ള പിന്തുണ വിശ്വസനീയമായ രീതിയിൽ പൂർണ്ണമായും എന്നെന്നേക്കുമായി അവസാനിപ്പിക്കണം," രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
കരാറുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം പാകിസ്ഥാൻ മന്ത്രി ഇന്ത്യയ്‌ക്കെതിരെ പരസ്യമായ ഭീഷണി മുഴക്കിയിരുന്നു. സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുടെ "കൈകൾ വെട്ടിമാറ്റും" എന്നായിരുന്നു പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്കിന്റെ വിവാദ പ്രസ്താവന. അയൽരാജ്യത്തെ പ്രധാനമന്ത്രിയുടെ കൈയിലാണ് ജലത്തിന്റെ നിയന്ത്രണമെന്നും പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെന്നും മാലിക് ആരോപിച്ചിരുന്നു. പാക് മാധ്യമങ്ങളായ 'ഡോൺ' ഉൾപ്പെടെയുള്ളവ പ്രസ്താവന വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
മുസാദിക് മാലിക്കിന്റെ ഈ പ്രസ്താവനയ്ക്ക് മുൻപ്, ഇന്ത്യയുടെ ജലനിയന്ത്രണം യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവെച്ചത്. സിന്ധുനദീജല കരാർ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട ജലം തടയാൻ ഇന്ത്യ ശ്രമിച്ചാൽ അത് ജലത്തെ ആയുധമാക്കുന്നതിന് തുല്യമാണെന്നും അത് പ്രാദേശിക സമാധാനത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നുമാണ് പാകിസ്ഥാൻ വാദിക്കുന്നത്. എന്നാൽ ഭീകരവാദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

