ജനസംഖ്യ 146 കോടിയാകും; ഇന്ത്യ നമ്പർ വൺ
text_fieldsന്യൂഡൽഹി: ഈ വർഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടിയാകും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി ഇത്തവണയും ഇന്ത്യക്കാകും. യു.എൻ ജനസംഖ്യാ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ മൊത്തം പ്രത്യുൽപാദന നിരക്ക് നിലവിലെ ജനസംഖ്യാ നിരക്കുമായി മുന്നോട്ടുപോകാനാവശ്യമായ നിലയിൽ നിന്നും താഴ്ന്നതായും റിപ്പോർട്ടിലുണ്ട്.
യു.എൻ റിപ്പോർട്ടിലെ മറ്റു നിരീക്ഷണങ്ങളും കണ്ടെത്തലുകളും:
ലോകത്തെ ദശലക്ഷക്കണക്കിനാളുകൾക്ക് പ്രത്യുൽപാദന സങ്കൽപങ്ങൾ നിറവേറ്റാനാകുന്നില്ല. ഇത് പ്രതിസന്ധിയാണ്. ഇത് ജനസംഖ്യ കുറയുന്നതോ അധികമാകുന്നതോ ആയ വിഷയം അല്ല. മറിച്ച് പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ്, കുടുംബം, ഗർഭ നിരോധനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. പ്രത്യുൽപാദനപരത, ആയുർദൈർഘ്യം എന്നിവയിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഇത് ജനസംഖ്യയിലുണ്ടാകുന്ന പ്രധാന മാറ്റത്തിന്റെ സൂചകമാണ്. ഇന്ത്യയിൽ ശരാശരി സ്ത്രീയുടെ പ്രത്യുൽപാദന നിരക്ക് 1.9 കുട്ടികൾ എന്ന നിലയിലേക്ക് കുറഞ്ഞു. നിലവിലെ നിരക്ക് അതുപോലെ നിലനിർത്താനാവശ്യമായ നിരക്ക് 2.1 ആണ്. ഒരു തലമുറയിലെ അംഗങ്ങളെ അതുപോലെ നിലനിർത്താനാവശ്യമായ ജനസംഖ്യാ നിരക്കിൽ കുറവാണ് ഇപ്പോഴുള്ളത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ജനനനിരക്ക് മന്ദതയിലായെങ്കിലും ഇന്ത്യയിലെ യുവജന നിരക്ക് ശക്തമാണ്. 14 വയസ്സുവരെ പ്രായമുള്ളവരാണ് ജനസംഖ്യയിലെ 24 ശതമാനം.10-19 പ്രായത്തിൽ വരുന്നത് 17 ശതമാനവും 10-24 പ്രായത്തിൽ 26 ശതമാനവും ഉൾപ്പെടും. രാജ്യത്തെ 68 ശതമാനവും തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ളവരാണ് (15-64). തൊഴിൽ സാധ്യതകളും നയപരമായ പിന്തുണയുമുണ്ടെങ്കിൽ ഇത് ജനസംഖ്യാപരമായി നേട്ടമാണ്.
65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ഗ്രൂപ് നിലവിൽ ഏഴു ശതമാനമാണ്. ആയുർദൈർഘ്യം വർധിക്കുന്നതിനാൽ, ഇത് വരും വർഷങ്ങളിൽ കൂടിയേക്കാം. ഈ വർഷത്തെ ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 വയസ്സും സ്ത്രീകൾക്ക് 74 ഉം ആണ് കണക്കാക്കുന്നത്. രാജ്യത്ത് ഇപ്പോഴുള്ള 150 കോടിയോളം വരുന്ന ജനസംഖ്യ വരും വർഷങ്ങളിൽ 170 കോടി വരെ എത്താം. 40 വർഷത്തിനുശേഷം കുറഞ്ഞുവരുമെന്നാണ് അനുമാനം.
കുട്ടികൾ വഴി കുടുംബത്തിന്റെ ശേഷി വർധിപ്പിക്കൽ, സ്ത്രീകൾക്ക് പ്രത്യുൽപാദന കാര്യങ്ങളിൽ ഒരു അവകാശവുമില്ലാത്ത സ്ഥിതി തുടങ്ങിയ പല സംഗതികളാണ് ജനപ്പെരുപ്പത്തിലേക്ക് നയിക്കുന്ന കാരണങ്ങളാകുന്നത്. 1960ൽ ഇന്ത്യയിലെ ജനസംഖ്യ ഏതാണ്ട് 436 ദശലക്ഷം ആയിരുന്നു. ഒരു സ്ത്രീക്ക് ശരാശരി ആറു കുട്ടികളുണ്ടായിരുന്നു. അന്ന് സ്ത്രീകൾക്ക് പ്രത്യുൽപാദന കാര്യങ്ങളിൽ ഒരു അവകാശവുമുണ്ടായിരുന്നില്ല. നാലിൽ ഒരാൾ പോലും ഗർഭ നിരോധന മാർഗങ്ങൾ അവലംബിച്ചിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം തന്നെ വളരെ കുറഞ്ഞ നിരക്കിലായിരുന്നു.
കാലം മാറിയതിനനുസരിച്ച് സ്ത്രീ അവകാശങ്ങൾ യാഥാർഥ്യമാവുകയും എല്ലാ കാര്യങ്ങളിലും ഇത് പ്രതിഫലിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യയിൽ ഒരു സ്ത്രീക്ക് ശരാശരി രണ്ടു കുട്ടികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

