
കർഷക നിയമങ്ങളെ പിന്താങ്ങി ഐ.എം.എഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്
text_fieldsന്യൂയോർക്: കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ ശേഷിയുള്ളതാണ് ഇന്ത്യയിൽ പുതുതായി നടപ്പിൽവന്ന കാർഷിക നിയമങ്ങളെന്ന് അന്താരാഷ്ട്ര നാണയ നിധി ചീഫ് എക്കണോമിസ്റ്റും മലയാളിയുമായ ഗീത ഗോപിനാഥ്.
ഇന്ത്യയിൽ കാർഷിക രംഗത്ത് സമൂല പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ഗീത പറയുന്നു. അടിസ്ഥാന മേഖലയിലുൾപെടെ സമഗ്ര പരിവർത്തനങ്ങൾ ഉണ്ടാകണം. ''ഈ കാർഷിക നിയമങ്ങൾ മാർക്കറ്റിങ് മേഖലയിലാണ്. കർഷകർക്ക ്വിപണി കൂടുതൽ മെച്ചപ്പെടുത്തും ഇവ. 'മണ്ടി'കൾക്ക് നികുതി ഒടുക്കാതെ പുറമെ വിവിധ കേന്ദ്രങ്ങളിൽ വിൽപന നടത്താൻ അവർക്ക് സാധ്യമാക്കുന്നു. ഇത് കർഷകരുടെ വരുമാനവും വർധിപ്പിക്കും''- അവർ പറയുന്നു.
ഓരോ പരിഷ്കാരവും നടപ്പാക്കുേമ്പാൾ മാറ്റത്തിെൻറ പേരിൽ ചെലവുകൾ സ്വാഭാവികം. അത് അവശ കർഷകരെ ബാധിക്കാതെ നോക്കണം. സാമൂഹിക സുരക്ഷ വലയം ഭേദിക്കപ്പെടുകയും അരുത്. നിലവിൽ സംവാദങ്ങൾ തുടരുകയാണ് ഈ മേഖലയിൽ- എന്തു സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണാമെന്നും കേരള മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൂട്ടിച്ചേർക്കുന്നു.
മോദി സർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങൾ കുത്തകകളെ സഹായിക്കാനാണെന്ന് വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ഐ.എം.എഫ് പ്രതിനിധിയുടെ അനുകൂല പരാമർശം. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനെതിരെ പ്രക്ഷോഭം ശക്തമാണ്. കാർഷിക വിളകൾക്ക് താങ്ങുവില നടപ്പാക്കണം, കോടതിയെ സമീപിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണം തുടങ്ങി മൗലിക ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. 11 തവണ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി ചർച്ച നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. ഒന്നര വർഷം വരെ നിയമം നടപ്പാക്കാതെ നിർത്തിവെക്കാമെന്ന് അടുത്തിടെ സർക്കാർ അറിയിച്ചിരുന്നുവെങ്കിലും സമരക്കാർ വഴങ്ങിയിട്ടില്ല. നിയമങ്ങൾ പൂർണമായി പിൻവലിക്കാത്ത ഒരു നിർദേശവും സ്വീകാര്യമല്ലെന്ന് അവർ പറയുന്നു.
41 കർഷക സംഘടനകളുടെ സമിതിയായ സംയുക്ത കിസാൻ മോർച്ചയാണ് ഡൽഹി അതിർത്തികളിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
