ചൈനീസ് സൈന്യത്തെ നേരിടാൻ ‘ശൗര്യ’ കമാൻഡോകൾ: അരുണാചലിൽ ഇന്ത്യയുടെ പുതിയ കരുത്ത്
text_fieldsപ്രതീകാത്മക ചിത്രം
ചൈനീസ് സൈന്യവുമായുള്ള അതിർത്തി സംഘർഷങ്ങൾ നേരിടുന്നതിനും യുദ്ധസജ്ജത ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയുടെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് പ്രത്യേക പരിശീലനം ലഭിച്ച ‘ശൗര്യ’ കമാൻഡോ സംഘങ്ങളെ രംഗത്തിറക്കി. ഉയർന്ന പ്രദേശങ്ങളിലെ പോരാട്ടത്തിനും ഡ്രോൺ പ്രവർത്തനങ്ങൾക്കും പ്രത്യേക പരിശീലനം ലഭിച്ച ഇവർ അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയായ എൽ.എ.സിയിലെ സമീപകാല ഏറ്റുമുട്ടലുകളിലും നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ട്.
അരുണാചൽ പ്രദേശിലെ വിവിധ മേഖലകളിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലുകളിൽ പുതുതായി രൂപീകരിച്ച ശൗര്യ സംഘങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഐ.ടി.ബി.പി ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപൂർ വ്യാഴാഴ്ച പറഞ്ഞു. ഏറ്റുമുട്ടലുകൾ ഇപ്പോഴും തുടരുകയാണെന്നും ശൗര്യ കമാൻഡോ സംഘങ്ങൾ ഐ.ടി.ബി.പിയുടെ പുതിയ സംരംഭമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാണ് ശൗര്യ കമാൻഡോകൾ?
ചൈനയുമായുള്ള ഇന്ത്യയുടെ 3,488 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയായ ഐ.ടി.ബി.പിയിലെ പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളാണ് ശൗര്യ കമാൻഡോകൾ. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന് പിന്നാലെ ഒക്ടോബർ 24നാണ് ഐ.ടി.ബി.പി രൂപീകരിച്ചത്.
ഹിമാലയത്തിലെ ദുഷ്കരമായ ഭൂപ്രദേശങ്ങളിലാണ് ഐ.ടി.ബി.പിയുടെ ഭൂരിഭാഗം അതിർത്തി പോസ്റ്റുകളും സ്ഥിതി ചെയ്യുന്നത്. 9,000 അടി മുതൽ 18,800 അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് പല പോസ്റ്റുകളും. കടുത്ത ശൈത്യകാലത്ത് ചില മേഖലകളിൽ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.
ഇന്ത്യൻ സൈന്യത്തിലെ ഘാതക് പ്ലാറ്റൂണുകളുടെ മാതൃകയിലാണ് ശൗര്യ പ്ലാറ്റൂണുകളും രൂപീകരിച്ചിരിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലെ പോരാട്ടം, പർവതയുദ്ധം, ഡ്രോൺ പ്രവർത്തനം തുടങ്ങിയവയിൽ പ്രത്യേക പരിശീലനം ലഭിച്ച ഐ.ടി.ബി.പി ബറ്റാലിയനുകളിലെ പ്രത്യേക വിഭാഗങ്ങളാണിവ.
അതിർത്തി നിരീക്ഷണം, നുഴഞ്ഞുകയറ്റം തടയൽ, ഹിമാലയൻ മേഖലകളിലെ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം പ്രതികരിക്കൽ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകൾ. ഏറ്റുമുട്ടലുകളോ മറ്റ് സുരക്ഷാ വെല്ലുവിളികളോ ഉണ്ടാകുമ്പോൾ സാധാരണ ഐ.ടി.ബി.പി ബറ്റാലിയനുകളുടെ ശേഷി വർധിപ്പിക്കുകയാണ് ശൗര്യ സംഘങ്ങളുടെ ലക്ഷ്യം.
എന്തുകൊണ്ടാണ് ശൗര്യ കമാൻഡോകളെ രൂപീകരിച്ചത്?
2020ൽ ആരംഭിച്ച ഇന്ത്യ-ചൈന സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐ.ടി.ബി.പിയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ശൗര്യ പ്ലാറ്റൂണുകൾ രൂപീകരിച്ചത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനയുമായുള്ള അതിർത്തിയിലെ മുഖാമുഖം ഏറ്റുമുട്ടലുകളുടെ അപകടസാധ്യതയും സംഭവം വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഹിമാലയൻ അതിർത്തിയിൽ സൈനിക വിന്യാസം, ആയുധ-ഉപകരണങ്ങൾ, യുദ്ധസജ്ജത എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ നൽകി. ഉയർന്ന പ്രദേശങ്ങളിലെ സൈനിക നടപടികൾക്കും ചൈനീസ് സൈനികരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കും സേനാംഗങ്ങളെ സജ്ജമാക്കുന്നതാണ് ശൗര്യ യൂണിറ്റുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ആധുനിക ആയുധങ്ങളുടെ ഉപയോഗം, പർവതാരോഹണം, നിരായുധ പോരാട്ടം, ഡ്രോൺ പ്രവർത്തനം തുടങ്ങിയ മേഖലകളിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. മലനിരകളിലെ ഏകോപനവും പ്രവർത്തന സജ്ജതയും മെച്ചപ്പെടുത്തുന്നതിനായി ഐ.ടി.ബി.പി ഇന്ത്യൻ സൈന്യവുമായി സംയുക്ത പരിശീലനവും നടത്തുന്നുണ്ട്.
സൈന്യത്തിന്റെ കമാൻഡോകളിൽ നിന്ന് എങ്ങനെ വ്യത്യസ്തർ?
ഘാതക് പ്ലാറ്റൂണുകളുടെ മാതൃകയിലാണ് ശൗര്യ പ്ലാറ്റൂണുകൾ രൂപീകരിച്ചിരിക്കുന്നതെങ്കിലും ഇരുവിഭാഗങ്ങളുടെയും ചുമതലകൾ വ്യത്യസ്തമാണ്. സൈന്യത്തിലെ ഘാതക് പ്ലാറ്റൂണുകൾ പ്രത്യേക ആക്രമണ വിഭാഗങ്ങളാണ്. ശത്രുസ്ഥാനങ്ങളിലേക്ക് റെയ്ഡ് നടത്തുക, രഹസ്യ നിരീക്ഷണം നടത്തുക, ആക്രമണങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങിയവയാണ് പ്രധാന ദൗത്യങ്ങൾ.
അതേസമയം, അതിർത്തി സുരക്ഷ, ഉയർന്ന പ്രദേശങ്ങളിലെ പോരാട്ടം, എൽ.എ.സിയിലെ ഏറ്റുമുട്ടലുകളിൽ അതിവേഗ പ്രതികരണം എന്നിവയിലാണ് ശൗര്യ പ്ലാറ്റൂണുകളുടെ പ്രധാന ശ്രദ്ധ. അതിർത്തി സംരക്ഷക സേനയെന്ന നിലയിലുള്ള ഐ.ടി.ബി.പിയുടെ അടിസ്ഥാന ചുമതലകൾ നിലനിർത്തിക്കൊണ്ടുതന്നെ, സാധാരണ പട്രോളിങ്ങിനപ്പുറമുള്ള സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക പോരാട്ട ശേഷി വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അരുണാചൽ പ്രദേശിലെ സമീപകാല ഏറ്റുമുട്ടലുകളിൽ ശൗര്യ കമാൻഡോകൾ വഹിച്ച പങ്ക് ശ്രദ്ധേയമായതോടെ പുതിയ യൂണിറ്റുകളും കൂടുതൽ ശ്രദ്ധ നേടുകയാണ്. എൽ.എ.സിയിൽ ചൈനീസ് സൈന്യത്തെ നേരിടുന്നതിനുള്ള ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശൗര്യ കമാൻഡോ സംഘങ്ങളെയും കാണുന്നത്.

