ഇനിയില്ല ജെ.സി.ബി സാഹിത്യ പുരസ്കാരം; ചരിത്രമാകുന്നത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അവാർഡ്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലയേറിയ സാഹിത്യ പുരസ്കാരം നിർത്തുന്നു. 25 ലക്ഷം രൂപ സമ്മാനം നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്കാരമാണ് നിർത്തലാക്കിയത്. ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് പുരസ്കാരം നൽകിയിരുന്നത്. ഇംഗ്ലീഷിൽ എഴുതിയ അല്ലെങ്കിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഫിക്ഷൻ കൃതികൾക്കാണ് പുരസ്കാരം പ്രഖ്യാപിച്ചിരുന്നത്. 25 ലക്ഷം രൂപക്ക് പുറമെ, ശിൽപവും ഉൾപ്പെടുന്നതായിരുന്നു അവാർഡ്.
2018ലായിരുന്നു ആദ്യ പുരസ്കാരം നൽകിയത്. 2024ൽ ‘ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്’ എന്ന കൃതിക്ക് എഴുത്തുകാരൻ ഉപമന്യു ചാറ്റർജിയാണ് അവസാന പുരസ്കാര ജേതാവ്. പുരസ്കാരം നൽകുന്നത് നിർത്തിയതായി ജെ.സി.ബി പുരസ്കാര സാഹിത്യ ഡയറക്ടർ മിത കപൂർ സ്ഥിരീകരിച്ചു.
തീരുമാനത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കാൻ അവർ തയാറായില്ല. ഇതുവരെ ഏഴ് പുരസ്കാരങ്ങൾ നൽകിയതിൽ അഞ്ച് തവണയും വിവർത്തനങ്ങൾക്കാണ് ലഭിച്ചത്. ബെന്യാമിനായിരുന്നു ആദ്യ പുരസ്കാരം. എഴുത്തുകാർക്ക് 25 ലക്ഷം നൽകുന്നതിനൊപ്പം വിവർത്തകർക്ക് പത്ത് ലക്ഷവും സമ്മാനമായി ലഭിച്ചിരുന്നു. എസ്.ഹരീഷും എം. മുകുന്ദനും ഈ അവാർഡ് ജേതാക്കളാണ്.
വാർത്ത അറിഞ്ഞപ്പോൾ, അത് നുണയായിരിക്കുമെന്നാണ് കരുതിയതെന്ന് എം. മുകുന്ദൻ പ്രതികരിച്ചു. നേരത്തെ, ഞങ്ങൾ പ്രാദേശിക എഴുത്തുകാർ മാത്രമായിരുന്നു. അവാർഡ് ഞങ്ങളെ ഇന്ത്യൻ എഴുത്തുകാരാക്കി. അത് നിർത്തുന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണ്. ഈ അവാർഡിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് പ്രാദേശിക എഴുത്തുകാർക്കാണ്-അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും ഫലസ്തീനിലും വീടുകൾ ഇടിച്ചുനിരത്തുന്നതിൽ നിർണായക പങ്കുള്ള ബ്രിട്ടീഷ് ബുൾഡോസർ നിർമാണ കമ്പനി ഫണ്ട് നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്കാരം കാപട്യമാണെന്നുപറഞ്ഞ് സച്ചിദാനന്ദൻ ഉൾപ്പെടെ നൂറിലേറെ സാഹിത്യകാരന്മാർ കഴിഞ്ഞ വർഷം രംഗത്തെത്തിയിരുന്നു. രാജ്യത്തെ ബി.ജെ.പി സർക്കാർ നിരവധി സംസ്ഥാനങ്ങളിൽ മുസ്ലിംകളുടെ വീടുകളും കടകളും സ്ഥിരമായി ജെ.സി.ബി ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഇടിച്ചുനിരത്തുന്നതെന്ന് ഇവർ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

