'അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി'; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: യു.എസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക് കമ്പനിയായ മൈക്രോൺ ടെക്നോളജിയുമായി ഒപ്പുവെച്ച കരാറിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. 1571 കോടി രൂപ പൊതുപണം അമേരിക്കൻ കമ്പനിക്ക് വെറുതെ നൽകുന്നതാണ് ഇടപാടെന്ന് തൃണമൂൽ വക്താവ് സാകേത് ഗോഖലെ ആരോപിച്ചു. യു.എസ് സന്ദർശന സമയത്ത് മോദി നിരവധി വ്യവസായികളെ കണ്ട് ചർച്ച നടത്തിയിരുന്നു. പല സ്ഥാപനങ്ങളുമായി കരാറൊപ്പിടുകയും ചെയ്തു. അതിലൊന്നാണ് ഇന്ത്യക്കാരനായ സഞ്ജയ് മെഹ്റോത്ത സി.ഇ.ഒ ആയ അമേരിക്കൻ കമ്പനി മൈക്രോൺ ടെക്നോളജി.
ഇന്ത്യയുടെ സെമി കണ്ടക്ടർ ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഗുജറാത്തിൽ പ്ലാന്‍റ് സ്ഥാപിക്കാനാണ് മൈക്രോണുമായി 2274 കോടിയുടെ കരാറൊപ്പിട്ടത്. എന്നാൽ ഇതിന്‍റെ 70 ശതമാനവും ചെലവും സർക്കാരാണ് വഹിക്കുക. 50 ശതമാനം കേന്ദ്ര സർക്കാർ വഹിക്കുമ്പോൾ 20 ശതമാനം ഗുജറാത്ത് സർക്കാർ വഹിക്കും. ഫലത്തിൽ 30 ശതമാനം (682 കോടി) മാത്രമേ മൈക്രോൺ മുതൽമുടക്കേണ്ടതുള്ളൂ. അതേസമയം, കരാറിലൂടെ പ്ലാന്‍റിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും മൈക്രോണിന് ലഭിക്കുകയും ചെയ്യും.
ഇന്ത്യയുടെ സെമി കണ്ടക്ടർ മേഖലയിലെ മുന്നേറ്റത്തിന് യാതൊരു കുതിപ്പും നൽകാൻ മൈക്രോൺ പ്ലാന്‍റിന് സാധിക്കില്ലെന്ന് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. കാരണം, ഗുജറാത്തിൽ വിഭാവനം ചെയ്യുന്ന പ്ലാന്‍റിൽ സെമി കണ്ടക്ടർ ചിപ്പുകളുടെ നിർമാണമോ ഡിസൈനിങ്ങോ നടക്കുന്നില്ല. ചിപ്പുകളുടെ കൂട്ടിച്ചേർക്കലും ടെസ്റ്റിങ്ങും മാത്രമാണ് നടക്കുന്നത്. ഇതാകട്ടെ, കുറഞ്ഞ സാങ്കേതികവിദ്യ മാത്രം പ്രയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന പ്രവൃത്തിയാണ്. സാങ്കേതിക വിദ്യയുടെ കൈമാറ്റം കരാർ വഴി നടക്കുന്നില്ല. മൈക്രോണിന് ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ തൊഴിലാളികളെ ലഭിക്കുകയും ചെയ്യും.
ചിപ്പുകളുടെ കൂട്ടിച്ചേർക്കലിലും ടെസ്റ്റിങ്ങിലും ചെലവ് കുറയുന്നത് വഴി മൈക്രോണിന് മാത്രം പ്രയോജനം ലഭിക്കുന്നതാണ് കരാറെന്ന് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. അവരുടെ ചൈനയിലെ ബിസിനസിന്‍റെ വ്യാപ്തി കുറച്ചുകൊണ്ടുവരാനും സാധിക്കും. ഇന്ത്യക്കാകട്ടെ പദ്ധതിയുടെ 70 ശതമാനം തുക ചെലവഴിച്ചിട്ടും സാങ്കേതിക വിദ്യാ കൈമാറ്റം പോലും ലഭിക്കുന്നില്ല.
വെറും 682 കോടി ചെലവിട്ടാണ് മൈക്രോൺ ചുളുവിൽ 2274 കോടിയുടെ പ്ലാന്‍റ് സ്വന്തമാക്കുന്നത്. എന്തുകൊണ്ടാണ് അമേരിക്കൻ കമ്പനിക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയിൽ ഇത്രയേറെ തുക കേന്ദ്ര സർക്കാർ ചിലവഴിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

