സമുദ്രോൽപന്ന കയറ്റുമതി 73,890.46 കോടിയിലെത്തി
text_fieldsകൊച്ചി: 2025-26 സാമ്പത്തിക വർഷം ഇന്ത്യ സമുദ്രോൽപന്ന കയറ്റുമതിയിൽ 14 ശതമാനം വളർച്ച കൈവരിച്ചതായി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ പി. ജവഹർ അറിയിച്ചു. 73,890.46 കോടി രൂപ വിലമതിക്കുന്ന 19,72,018 മെട്രിക് ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ആഗോള പ്രതിസന്ധികൾക്കിടയിലും അളവിലും മൂല്യത്തിലും ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത് ശീതീകരിച്ച ചെമ്മീനാണ്. ഏറ്റവും വരുമാനം ലഭിച്ചതും ഇതിലൂടെയാണ്. ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ അമേരിക്കയും ചൈനയുമാണ്. 49,037.93 കോടി വിലവരുന്ന 7,92,647 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടന്നത്. ഇത് മൊത്തം സമുദ്രോൽപന്ന കയറ്റുമതിയുടെ 40.19 ശതമാനംവരും. ഈ കാലയളവിൽ, ചെമ്മീൻ കയറ്റുമതിയിൽ 13.16 ശതമാനം വളർച്ച കൈവരിച്ചു. ഇതിൽ 2,56,128 മെട്രിക് ടണ്ണും അമേരിക്കയാണ് ഇറക്കുമതി ചെയ്തത്. ചൈന 1,69,505 മെട്രിക് ടൺ, യൂറോപ്യൻ യൂനിയൻ 1,35,599 മെട്രിക് ടൺ, തെക്കുകിഴക്കൻ ഏഷ്യ 83,810 മെട്രിക് ടൺ, ജപ്പാൻ 40,776 മെട്രിക് ടൺ, പശ്ചിമേഷ്യ 30,478 മെട്രിക് ടൺ, മറ്റെല്ലാ രാജ്യങ്ങളും ചേർന്ന് 76,351 മെട്രിക് ടൺ എന്നിങ്ങനെയാണ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.
കയറ്റുമതിയിൽ രണ്ടാം സ്ഥാനം ശീതീകരിച്ച മത്സ്യത്തിനാണ്. 5,658.37 കോടി രൂപയുടെ വരുമാനം ഇതിൽനിന്ന് നേടി. മൂന്നാമത്തെ വലിയ കയറ്റുമതി നടന്നത് ഉണക്കിയ മത്സ്യമാണ്. ഇതിൽനിന്ന് 5,079.09 കോടി രൂപ വരുമാനം നേടി. ശീതീകരിച്ച കൂന്തൾ കയറ്റുമതി 1,02,060 മെട്രിക് ടണ്ണിലെത്തി. ഇതിൽനിന്ന് 4,493.80 കോടി ലഭിച്ചു. ശീതീകരിച്ച കണവയുടെ കയറ്റുമതി 331.96 മില്യൻ ഡോളർ വിലമതിക്കുന്ന 67,157 മെട്രിക് ടണ്ണായി. എം.പി.ഇ.ഡി.എ ഡയറക്ടർ ഡോ. എം.കെ. രാം മോഹൻ, സെക്രട്ടറി ഡോ. ടി.ആർ. ജിബിൻ കുമാർ, ജോയിന്റ് ഡയറക്ടർ (മാർക്കറ്റിങ്) പി. അനിൽ കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

