ആശയം വേറെ, പണം വേറെ; രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാർ ബി.ജെ.പിക്ക് നൽകിയത് 30 കോടി
text_fieldsഡൽഹി: ഹിന്ദുത്വ സംഘടനകൾ നിരന്തരം വിമർശിക്കുന്ന ബീഫ് കയറ്റുമതി മേഖല ബി.ജെ.പി സർക്കാറിനു കീഴിൽ വമ്പൻ വളർച്ച നേടിയെന്ന് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പിൽനിന്ന് 2024-25ൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി 30 കോടി രൂപ നൽകിയെന്നും സ്ക്രോൾ.ഇൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2025ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി നാല് ബില്യൺ യു.എസ് ഡോളറായി ഉയർന്നിട്ടുണ്ട്.
യു.പി.എ സർക്കാർ പിങ്ക് വിപ്ലവം പ്രോത്സാഹിപ്പിക്കുന്നുവെന്നും കന്നുകാലി കശാപ്പിന് സഹായം ചെയ്യുന്നുവെന്നും 2014ൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രിയായതോടെ മാംസ കയറ്റുമതിക്കാരുമായി ബി.ജെ.പി അടുപ്പത്തിലായി. നിരന്തരം നികുതിവെട്ടിപ്പ് കണ്ടെത്തിയപ്പോഴും വൻകിട കോർപറേറ്റുകളിൽനിന്ന് കോടികളാണ് പാർട്ടി ഫണ്ടായി ബി.ജെ.പി സ്വീകരിച്ചത്. 2019ൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100ലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും കമ്പനി ഏകദേശം 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
നികുതിവെട്ടിപ്പ് കണ്ടെത്തിയ 2019ൽ അല്ലാന ഗ്രൂപ്പ് ഏഴ് കോടിയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ശിവസേനക്ക് അഞ്ച് കോടി രൂപയും ബി.ജെ.പിക്ക് രണ്ട് കോടി രൂപയും നൽകി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇവർ ബി.ജെ.പിക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകിയിട്ടുള്ളതായും പറയുന്നുണ്ട്. 2013-14 കാലയളവിൽ രണ്ട് കോടി രൂപയും അടുത്ത വർഷം 50 ലക്ഷം രൂപയും സംഭാവന ചെയ്തു. തുടർന്ന് 2019ൽ ഗ്രൂപ്പ് രണ്ട് കോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി നൽകി. 2023-24ൽ വീണ്ടും ബി.ജെ.പിക്ക് സഹ സ്ഥാപനമായ ഫ്രിഗേറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ് രണ്ട് കോടി രൂപ നൽകിയിട്ടുണ്ട്.
2024-25ൽ ഇത് 15 മടങ്ങ് വർദ്ധിച്ച് 30 കോടി രൂപയായി. അല്ലാന സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗേറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫിക്കോ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡാഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് സ്ഥാപനങ്ങളിലൂടെയാണ് പണം സംഭാവന ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

