
21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്; ഹർനാസ് സന്ധുവിന് കിരീടം
text_fieldsജറൂസലം: വിശ്വസൗന്ദര്യ മത്സരവേദിയിൽ കിരീടമണിഞ്ഞ് ഇന്ത്യൻ യുവതി ഹർനാസ് സന്ധു. 80 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് 21 വർഷത്തിന് ശേഷം സന്ധു വീണ്ടും ഇന്ത്യയിലേക്ക് സൗന്ദര്യകിരീടമെത്തിക്കുന്നത്. നേരത്തെ രണ്ടുപേർ മാത്രമാണ് ഇന്ത്യയിൽനിന്ന് വിശ്വസുന്ദരിപ്പട്ടമണിഞ്ഞത്. 1994ൽ സുസ്മിത സെന്നും 2000ത്തിൽ ലാറ ദത്തയും.
ജറൂസലമിൽ നടന്ന 70ാമത് മത്സരത്തിലാണ് 21കാരിയും ചണ്ഡിഗഢ് സ്വദേശിയുമായ സന്ധു കിരീടം ചൂടിയത്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന യുവതി മോഡലും നടിയുമാണ്. 2020ലെ സൗന്ദര്യറാണി മെക്സിക്കോ സ്വദേശി ആൻഡ്രിയ മെസ സന്ധുവിനെ കിരീടമണിയിച്ചു. പരാഗ്വേയിലെ നാദിയ ഫെറൈറ, ദക്ഷിണാഫ്രിക്കയിലെ ലലേല എംസ്വാൻ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
2017ൽ 'ടൈംസ് ഫ്രെഷ് ഫേസി'ൽ ഒന്നാമതെത്തിയാണ് സന്ധു സൗന്ദര്യമത്സരവേദികളിൽ ചുവടുറപ്പിക്കുന്നത്. 17ാം വയസ്സിലാണിത്. ഈ വർഷം 'ലിവ മിസ് ദിവ യൂനിവേഴ്സ്' പട്ടം നേടിയിരുന്നു. ചില പഞ്ചാബി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ആദ്യമായാണ് ഇസ്രായേൽ സൗന്ദര്യമത്സര വേദിയാകുന്നത്. ഇതിനായി ഇസ്രായേൽ ടൂറിസം മന്ത്രാലയം 16 കോടിയോളം ചെലവിട്ടതായാണ് റിപ്പോർട്ട്.
