ഗഗൻയാൻ വൈകും; 2027ൽ യാത്രികർ ബഹിരാകാശം തൊടുമെന്ന് ഐ.എസ്.ആർ.ഒ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയായ ഗഗൻയാന്റെ യാത്രികരെയും വഹിച്ചുള്ള ആദ്യ ദൗത്യം 2027ൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ. പദ്ധതിയുടെ ആദ്യഘട്ടത്തിലെ ആളില്ലാ ദൗത്യങ്ങൾക്ക് ഈ വർഷം അവസാനത്തോടെ തുടക്കമാകും.
ഐ.എസ്.ആർ.ഒ വികസിപ്പിച്ച പ്രഥമ അർധ ഹ്യൂമനോയിഡ് ‘വ്യോമിത്ര’യാണ് ഗഗൻയാൻ ദൗത്യത്തിൽ അയക്കുക. ഈ വർഷം നടക്കുന്ന ആദ്യ ആളില്ലാ പരീക്ഷണ യാത്രക്കുശേഷം രണ്ടുതവണകൂടി ഇതേ ദൗത്യം ആവർത്തിക്കും. 2026ലായിരിക്കും അത്. അതിനുശേഷമാകും മൂന്ന് യാത്രികരുമായുള്ള സ്വപ്നയാത്രയെന്ന് വി. നാരായണൻ പറഞ്ഞു.
2022ൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആർ.ഒ ഗഗൻയാൻ ദൗത്യത്തിന് തുടക്കമിട്ടത്. കോവിഡ് കാരണം, പദ്ധതി നീണ്ടു. പിന്നീട്, 2025ൽ യാത്രികരെയും വഹിച്ച് ഗഗൻയാൻ കുതിക്കുമെന്നാണ് അറിയിച്ചത്.
സാങ്കേതികവിദ്യ സംബന്ധിച്ച സങ്കീർണതകൾ കാരണം, ദൗത്യം 2026ലേക്ക് മാറ്റി. ഇതനുസരിച്ചുള്ള പരിശീലനവും മറ്റും തുടരുന്നതിനിടെയാണ് ദൗത്യം ആറ് മാസമെങ്കിലും നീളുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ പ്രഖ്യാപിച്ചത്. മഹാമാരി ബഹിരാകാശയാത്രികരുടെ പരിശീലനത്തെ ബാധിച്ചതും ദൗത്യത്തിന് ആവശ്യമായ നിർണായക സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടുന്നതിലെ സങ്കീർണതകളും പദ്ധതിയിൽ കാലതാമസത്തിന് കാരണമായതായി അദ്ദേഹം വ്യക്തമാക്കി.
സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനത്തിന് പുറമെ, പ്രവർത്തനസജ്ജമായ അന്തരീക്ഷ നിയന്ത്രണ ജീവൻ സുരക്ഷ സംവിധാനവും (ഇ.സി.എൽ.എസ്.എസ്) ഐ.എസ്.ആർ.ഒ വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ പേടകത്തിലെ മർദവും ഈർപ്പവും താപനിലയും വായുഗുണനിലവാരവുമടക്കം നിയന്ത്രിക്കുന്ന സംവിധാനമാണ് ഇ.സി.എൽ.എസ്.എസ്. ഇതാദ്യമായാണ് രാജ്യം ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നും അന്തിമഘട്ട പരിശോധനകൾകൂടി പൂർത്തിയായാൽ പ്രവർത്തനസജ്ജമാവുമെന്നും നാരായണൻ പറഞ്ഞു.
ഗഗൻയാൻ പദ്ധതി വിജയിച്ചാൽ, റഷ്യ, യു.എസ്, ചൈന എന്നിവക്കുശേഷം സ്വതന്ത്രമായി മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഡിസംബറിൽ പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന സ്പേസ് ഡോക്കിങ് പരീക്ഷണങ്ങൾ (സ്പേഡ് എക്സ്)വിജയകരമായിരുന്നുവെന്ന് നാരായണൻ പറഞ്ഞു. സ്പേഡ് എക്സ്-രണ്ടാം ദൗത്യം ഉടൻ യാഥാർഥ്യമാക്കും. ഇതുസംബന്ധിച്ച് സർക്കാറിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. മേയ് ഏഴ് മുതൽ ഒമ്പതുവരെ ഐ.എസ്.ആർ.ഒയും ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷനും സംയുക്തമായി ഗ്ലോബൽ സ്പേസ് എക്സ് പ്ലൊറേഷൻ കോൺഫറൻസ് (ജി.എൽ.ഇ.എക്സ്- 2025) സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

