വെള്ളത്തിനടിയിലൂടെ ആദ്യ റെയിൽ - റോഡ് തുരങ്കം അസമിൽ
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും വെള്ളത്തിനടിയിലൂടെയുള്ള റോഡ്-റെയിൽ തുരങ്കത്തിന്റെ നിർമാണത്തിനും മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലാണ് 18,662 കോടി രൂപ ചെലവിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ 15.79 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്-റെയിൽ തുരങ്കം നിർമിക്കുന്നത്.
ഏകദേശം 80 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 12 ജില്ലകൾക്കായുള്ള മൂന്നു റെയിൽവേ പദ്ധതികൾക്കും സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി അംഗീകാരം നൽകി. 18,509 കോടി രൂപ ചെലവു വരുന്ന കസാറ- മൻമാഡ് 3-ഉം 4-ഉം പാത, ഡൽഹി - അംബാല 3-ഉം 4-ഉം പാത, ബെള്ളാരി - ഹൊസ് പേട്ട് 3-ഉം 4-ഉം പാതകൾക്കാണ് നിർമാണാനുമതി.
3030 കോടിയുടെ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഗുവാഹതി: അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ആറുവരി പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 3030 കോടി രൂപ ചെലവായ കുമാർ ഭാസ്കർ വർമ സേതു ഗുവാഹതിയെ വടക്കൻ ഗുവാഹതിയുമായി ബന്ധിപ്പിക്കും. ഉദ്ഘാടനത്തിനുശേഷം മോദി പാലത്തിലൂടെ നടന്നു. അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരും പങ്കെടുത്തു. ദിബ്രുഗഡ് ജില്ലയിൽ അടിയന്തര സുരക്ഷാ സാഹചര്യങ്ങൾക്കുള്ള വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഗതാഗത ഹെലികോപ്ടറുകളും ഉൾപ്പെടുന്ന വ്യോമ പ്രദർശനത്തിന് പ്രധാനമന്ത്രി സാക്ഷിയായി.
സേവാ തീർഥിലേക്കുള്ള മാറ്റത്തെ പുകഴ്ത്തി മന്ത്രിസഭാ പ്രമേയം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫിസ് സൗത്ത് ബ്ലോക്കിൽനിന്ന് സേവാ തീർഥിലേക്ക് മാറ്റിയ നടപടിയെ പുകഴ്ത്തി കേന്ദ്ര മന്ത്രിസഭയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാനത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കൊളോണിയൽ ദാസ്യത്തിന്റെ അടയാളമായ സൗത്ത് ബ്ലോക്കിൽ നിന്നുള്ള ഈ മാറ്റം കേവലമൊരു സ്ഥലംമാറ്റമല്ലെന്നും ഭൂതകാലത്തിന്റെയും ഭാവിയുടെയും സമന്വയമാണെന്നും പ്രമേയം വിശേഷിപ്പിച്ചു.
വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ കെട്ടിട സമുച്ചയത്തിലേക്കുള്ള പി.എം.ഒയുടെയും കേന്ദ്ര സെക്രട്ടേറിയറ്റിന്റെയും മാറ്റമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പൗരന്മാരെ കേന്ദ്രീകരിച്ചുള്ള ഭരണനിർവഹണത്തിനും രാജ്യ പുരോഗതിക്കുമുള്ള സർക്കാറിന്റെ പ്രതിബദ്ധതയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

