യാത്രക്കിടയിൽ 'ജയ് ഹോ' ഗാനം കേൾക്കാം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കൽ റോഡ് മുംബൈയിൽ ഉദ്ഘാടനം ചെയ്തു
text_fieldsമുംബൈയിലെ മ്യൂസിക്കൽ റോഡ്
മുംബൈ: രാജ്യത്തെ ആദ്യത്തെ സംഗീത പാത (Musical Road) മുംബൈയിലെ കോസ്റ്റൽ റോഡ് ഇടനാഴിയിൽ സജ്ജമായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബുധനാഴ്ച ഈ നൂതന പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ലംഡോഗ് 'മില്യണയർ' എന്ന ചിത്രത്തിലെ ഓസ്കാർ പുരസ്കാരം നേടിയ 'ജയ് ഹോ' എന്ന ഗാനത്തിന്റെ ഈണമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും കേൾക്കാനാകുക.
നരിമാൻ പോയിന്റിൽ നിന്ന് വർളിയിലേക്കുള്ള വടക്കൻ പാതയിലാണ് (Northbound carriageway) ഈ മ്യൂസിക്കൽ സ്ട്രിപ്പ് സ്ഥാപിച്ചിരിക്കുന്നത്. തുരങ്കം കഴിഞ്ഞ് പുറത്തേക്ക് കടക്കുമ്പോൾ ഏകദേശം 500 മീറ്റർ ദൂരത്തിലാണ് ഈ സംഗീത വിസ്മയം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ഈ സ്ട്രിപ്പിലൂടെ കടന്നുപോകുമ്പോൾ ടയറുകൾ റോഡിലെ പ്രത്യേക വിള്ളലുകളിൽ (Grooves) തട്ടുന്നതിലൂടെയാണ് സംഗീതം സൃഷ്ടിക്കപ്പെടുന്നത്.
പ്രവർത്തന രീതി
റോഡ് ഉപരിതലത്തിൽ കൃത്യമായ അളവുകളിൽ നിർമിച്ചിട്ടുള്ള 'റംബിൾ സ്ട്രിപ്പുകൾ' (Rumble strips) വഴിയാണ് ശബ്ദം ഉത്പാദിപ്പിക്കുന്നത്. ടയറുകൾ ഈ വിള്ളലുകളിൽ തട്ടുമ്പോൾ ഒരു പ്രത്യേക താളത്തിലുള്ള സംഗീത തരംഗങ്ങളായി മാറുന്നു. ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മ്യൂസിക്കൽ റോഡിന് 500 മീറ്റർ, 100 മീറ്റർ, 60 മീറ്റർ എന്നിങ്ങനെ മുൻകൂട്ടി സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
അമിതവേഗത നിയന്ത്രിക്കാനും ഡ്രൈവർമാരെ ജാഗരൂകരാക്കാനും ഇത്തരം മ്യൂസിക്കൽ റോഡുകൾ സഹായിക്കുമെന്ന് അധികൃതർ വിശ്വസിക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, ഹംഗറി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ ഇത്തരം റോഡുകളുണ്ട്.
മുൻ എം.പി രാഹുൽ ഷെവാലെയുടെ ആശയത്തിൽ ബി.എം.സിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി നിർമിച്ച കോസ്റ്റൽ റോഡ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ പുതിയ ആകർഷണം കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളിലേക്ക് മുംബൈ മാറുന്നതിന്റെ തെളിവാണ് ഇത്തരം പരീക്ഷണങ്ങളെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

