ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്...
text_fieldsന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത രംഗത്തേക്ക് ഇന്ത്യ വലിയൊരു ചുവടുവെപ്പ് നടത്തുകയാണ്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഹരിയാനയിലെ ജീന്ദിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജീന്ദ്–സോനിപത് റൂട്ടിലാകും ട്രെയിൻ ഓടുക. ഗതാഗത മേഖലയിലെ ഹരിത സാങ്കേതികവിദ്യകളിലേക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന നിർണായക നേട്ടമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
ഈ ആഴ്ച ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഹൈഡ്രജൻ ട്രെയിനിന്റെ അന്തിമ ലോഡ് ചെക്ക് ട്രയൽ നടക്കും. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് അന്തിമ അനുമതി ലഭിക്കുന്നതോടെ സ്ഥിരം സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഗതാഗത രംഗത്തെ നവീകരണത്തിന്റെയും പ്രതീകമായി ഈ ട്രെയിൻ മാറും.
ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നത് എങ്ങനെ?
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒമ്പത് കിലോഗ്രാം വെള്ളത്തിൽ നിന്ന് 900 ഗ്രാം ഹൈഡ്രജൻ ഉൽപ്പാദിപ്പിച്ചാണ് ട്രെയിൻ ഇന്ധനം ലഭ്യമാക്കുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായി ഇന്ത്യ ടി.വി റിപ്പോർട്ട് ചെയ്തു. ഈ ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയിനിന് ഒരു കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിൻ ജീന്ദ്–സോനിപത് യാത്ര വേഗത്തിലും കാര്യക്ഷമമായും സാധ്യമാക്കും.
സ്പെയിനിലെ ഒരു കമ്പനിയാണ് ജീന്ദ് റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക ഹൈഡ്രജൻ ഗ്യാസ് ഉൽപ്പാദന പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജീന്ദ്–സോനിപത് ഇടയിൽ 90 കിലോമീറ്റർ ദൂരത്തിൽ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം ജനുവരി 26 മുതൽ ആരംഭിക്കും. റെയിൽവേ, റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO), സ്പെയിനിലെ ഗ്രീൻ എച്ച് കമ്പനി എന്നിവ ചേർന്ന് പരീക്ഷണത്തെക്കുറിച്ചുള്ള സംയുക്ത റിപ്പോർട്ട് തയാറാക്കും.
ജീന്ദിലെ ഹൈഡ്രജൻ ട്രെയിൻ പദ്ധതി ദേശീയ തലത്തിൽ തന്നെ ഹരിത സാങ്കേതികവിദ്യയുടെ മാതൃകയാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും ഇത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി സംരക്ഷണം, ഊർജ്ജ ലാഭം, ആധുനിക ഗതാഗത സംവിധാനം എന്നിവയിൽ ഈ പദ്ധതി നിർണായക മുന്നേറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

