ഇന്ത്യയിലെ ആദ്യത്തെ 16 കോച്ചുകളുള്ള നമോ ഭാരത് ട്രെയിൻ ഏപ്രിൽ 24ന് ഓടിത്തുടങ്ങും
text_fieldsനമോ ഭാരത് ട്രെയിൻ
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 16 കോച്ചുകളുള്ള നമോ ഭാരത് ട്രെയിൻ ഏപ്രിൽ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് സമർപ്പിക്കും. ബിഹാറിലെ ജയനഗറിനും പട്നക്കും ഇടയിലായിരിക്കും ആദ്യ സർവീസ് നടത്തുക. നിലവിൽ അഹമ്മദാബാദിനും ഭുജിനും ഇടയിൽ സർവീസ് നടത്തുന്ന ആദ്യ നമോ ഭാരത്തിന് 12 കോച്ചുകൾ മാത്രമേയുള്ളു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കുന്നതുകൊണ്ട് യാത്ര സമയം പകുതിയായി കുറയ്ക്കുമെന്ന് റെയിൽവേ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.
ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് ആവശ്യങ്ങൾക്കായി പട്നയിലേക്ക് യാത്ര ചെയ്യുന്ന സാധാരണക്കാർക്കും ഈ ട്രെയിൻ ഉപയോഗപ്പെടുത്താം. 16 ശീതീകരിച്ച കോച്ചുകളുള്ള ട്രെയിനിൽ ഏകദേശം 2000 യാത്രക്കാർക്കുള്ള സീറ്റുകളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ 1000ത്തിലധികം യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ട്രെയിനിലുണ്ടാകും.
മധുബാനി, സാക്രി, ദർഭംഗ, സമസ്തിപൂർ, ബറൗണി, മൊകാമ സ്റ്റേഷനുകൾ വഴിയാണ് ഈ ട്രെയിൻ കടന്ന് പോകുക. എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത സീറ്റുകൾ, ടൈപ്പ്-സി, ടൈപ്പ്-എ ചാർജിങ് സോക്കറ്റുകൾ, ശീതികരിച്ച കാബിനുകൾ, എജക്ടർ അധിഷ്ഠിത വാക്വം ഇവാക്വേഷൻ ടോയ്‌ലറ്റുകൾ തുടങ്ങിയ നൂതന സവിശേഷതകൾ ഈ റാപ്പിഡ് റെയിൽ സർവീസിൽ ഉൾപ്പെടുന്നു.
പുതിയ ട്രെയിനിൽ 'കവച്' സുരക്ഷാ സംവിധാനം, സി.സി.ടി.വി കാമറ, അഗ്നിശമന സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിന്റെ ഇരുവശത്തും എഞ്ചിനുകളുണ്ട് എന്നത് ട്രെയിനിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇത് ടേൺഅറൗണ്ട് സമയം കുറക്കാൻ സഹായിക്കും. കൂടാതെ റൂട്ട് മാപ് പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ ബോർഡും ട്രെയിനിന്റെ ഉൾവശത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

