Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനനനിരക്ക് കുറയുന്നു;...

ജനനനിരക്ക് കുറയുന്നു; ചൈനക്ക് കിട്ടിയ പണി ഇന്ത്യക്കും?

text_fields
bookmark_border
ജനനനിരക്ക് കുറയുന്നു; ചൈനക്ക് കിട്ടിയ പണി ഇന്ത്യക്കും?
cancel

ന്യൂഡൽഹി: രാജ്യ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മൊത്തം പ്രത്യുൽപാദന നിരക്ക് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായി സർക്കാർ റിപ്പോർട്ട്.

ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ എന്ന ‘റീപ്ലേസ്‌മെൻറ് ലെവലി’ൽ (പകരം വെക്കൽ നിരക്ക്) താഴെ, 1.9 ആയാണ് നിരക്ക് കുറഞ്ഞത്. വെറും പത്ത് വർഷത്തിനുള്ളിൽ നിരക്ക് 2.3ൽനിന്ന് 1.9 ആയി ഇടിഞ്ഞതായി ചൂണ്ടിക്കാട്ടി സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്കും രംഗത്തെത്തി.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ പ്രവണത പ്രകടമാണ്. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ ഈ പരിധിക്ക് മുകളിലുള്ളത്. ഡൽഹിയിലെ പ്രത്യുൽപാദന നിരക്ക് ഫിൻലൻഡിനേക്കാൾ താഴെ 1.2 ആയി കുറഞ്ഞു.

എന്നിരുന്നാലും, ‘ജനസംഖ്യാ ആക്കം’ എന്ന പ്രതിഭാസം കാരണം ഇന്ത്യയുടെ ജനസംഖ്യാ വർധനവ് തുടരുകയാണെന്നും, എന്നാൽ വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

‘ഇന്ത്യയുടെ ജനനനിരക്ക് റീപ്ലേസ്‌മെൻറ് ലെവലിനും താഴെയായിരിക്കുന്നു. വിദ്യാസമ്പന്നരുടെ ഇടയിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ജനനനിരക്ക് ഈ പരിധിക്ക് താഴെയായിരുന്നു’ എന്ന് മസ്ക് എക്സിൽ കുറിച്ചു.

ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ സുസ്ഥിരമായി നിലനിർത്താൻ ഒരു സ്ത്രീക്ക് ശരാശരി ജനിക്കേണ്ട കുട്ടികളുടെ എണ്ണമാണ് റീപ്ലേസ്‌മെൻ്റ് ലെവൽ. ഇത് സാധാരണയായി 2.1 ആയാണ് കണക്കാക്കുന്നത്.

പ്രത്യുൽപാദന നിരക്കിലെ ഇടിവ് രാജ്യത്തുടനീളം ഒരുപോലെയല്ല. വടക്കൻ സംസ്ഥാനങ്ങളായ ബിഹാറിൽ ഉയർന്ന നിരക്ക് തുടരുമ്പോൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നഗരപ്രദേശങ്ങളിലും അതിവേഗത്തിലുള്ള ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്റെ 2025ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലും ഇന്ത്യയുടെ മൊത്തം പ്രത്യുൽപാദന നിരക്ക് 1.9 ആയി സ്ഥിരീകരിച്ചിട്ടുണ്ട്. നിരക്ക് കുറഞ്ഞെങ്കിലും, 2023ൽ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനവാസമുള്ള രാജ്യമായി മാറിയ ഇന്ത്യയുടെ ജനസംഖ്യ 146 കോടിക്ക് (1.46 ബില്യൺ) മുകളിലാണെന്ന് റിപ്പോർട്ട് പറയുന്നു.

വലിയൊരു വിഭാഗം യുവാക്കൾക്ക് കുട്ടികളുണ്ടാകുന്നത് തുടരുന്നതാണ് നിലവിലുള്ള ജനസംഖ്യാ വളർച്ചക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇതാണ് ‘ജനസംഖ്യാ ആക്കം’ എന്ന് അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഈ ജനസംഖ്യാപരമായ മാറ്റം തൊഴിൽ സേന, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ഘടന എന്നിവയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഡൽഹി പോലെയുള്ള നഗരങ്ങളിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലും രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രത്യുൽപാദന നിരക്കാണ് രേഖപ്പെടുത്തുന്നത്. വികസിതവും അവികസിതവുമായ പ്രദേശങ്ങൾ തമ്മിലുള്ള അന്തരം ഈ കണക്കുകളിൽ വ്യക്തമാണ്.

ആരോഗ്യ-സാമൂഹിക സൂചകങ്ങൾ ജനനനിരക്കിനെ തുടർന്നും സ്വാധീനിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ മാതൃമരണനിരക്കും ലിംഗവിവേചനവും ഇപ്പോഴും ഉയർന്ന നിലയിലാണ്.

24 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ ശൈശവ വിവാഹവും ഗർഭധാരണവും അമിതമായ മാതൃമരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മൊത്തത്തിലുള്ള പ്രത്യുൽപാദന നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, ഈ മാറ്റത്തിന്റെ ഫലങ്ങൾ കാലക്രമേണ കൂടുതൽ പ്രകടമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭാവിയിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതിനും സാമ്പത്തിക, സാമൂഹിക നയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഇത് കാരണമായേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:populationElon Musktotal fertility rate in india
News Summary - India's Fertility Rate Falls Below Replacement Level to 1.9, First Time in History
Next Story