'അതിർത്തിയിലെ സംഘർഷത്തിന് കാരണം ചൈനയുടെ പട്രോളിങ് ലംഘനം'; ഏറ്റുമുട്ടലുകൾക്കിടെ വിശദീകരണവുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനീസ് സൈന്യം പതിവ് പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുമ്പോഴാണ് അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമാകുന്നതെന്ന് ഇന്ത്യ. അരുണാചൽ പ്രദേശിലെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ–ചൈനീസ് സൈനികർ മുഖാമുഖം വന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നത്.
അതിർത്തിയിലെ സമാധാനവും ശാന്തതയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യവുമായി വിവിധയിടങ്ങളിൽ മുഖാമുഖ സാഹചര്യമുണ്ടായതായി ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസിന്റെ ഡയറക്ടർ ജനറൽ ശത്രുജീത് കപൂറാണ് വെളിപ്പെടുത്തിയത്.
അരുണാചൽ പ്രദേശിലെ അതിർത്തിയോട് ചേർന്ന വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സൈന്യവുമായി മുഖാമുഖ സാഹചര്യമുണ്ടായെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ശത്രുജീത് കപൂർ പറഞ്ഞിരുന്നു. യഥാർഥ നിയന്ത്രണരേഖയുടെ വിവിധ ഭാഗങ്ങളുടെ സുരക്ഷാ ചുമതലയുള്ള പ്രധാന സേനാവിഭാഗങ്ങളിലൊന്നാണ് ഐ.ടി.ബി.പി.
നിലവിലെ മുഖാമുഖ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഐ.ടി.ബി.പിയുടെ പുതിയ വിഭാഗമായ ‘ശൗര്യ കമാൻഡോകളെ’ വിന്യസിച്ചതായും കപൂർ അറിയിച്ചു. അതിർത്തിയിലെ എല്ലാ യൂണിറ്റുകളിലും ഡ്രോൺ പ്ലാറ്റൂണുകൾ രൂപീകരിച്ചിട്ടുണ്ടെന്നും 2020ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനു സമാനമായ സാഹചര്യങ്ങൾ നേരിടാൻ പുതിയ ‘സ്ട്രൈക്ക് കോഴ്‌സ്’ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ തർക്കവിഷയങ്ങൾ പരിഹരിക്കാനും തെറ്റിദ്ധാരണകളും കണക്കുകൂട്ടലുകളിലെ പിഴവുകളും ഒഴിവാക്കാനും നിലവിലുള്ള നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഇന്ത്യയും ചൈനയും ഉപയോഗിക്കുന്നുണ്ടെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അതിർത്തി നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി യഥാർഥ നിയന്ത്രണരേഖയെക്കുറിച്ചുള്ള പരസ്പര ധാരണ മെച്ചപ്പെടുത്താൻ അനുയോജ്യമായ മേഖലകളിൽ ചർച്ച നടത്താനും ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ വിദൂര മേഖലയായ തക്‌സിങ്ങിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കാലയളവിൽ പലതവണ സൈനികർ മുഖാമുഖം വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനും അതിർത്തിയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാനുമാണ് നിലവിലുള്ള സൈനിക, നയതന്ത്ര സംവിധാനങ്ങളിലൂടെ ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

