പ്രതിരോധ വ്യവസായത്തിൽ റെക്കോഡ് നേട്ടവുമായി രാജ്യം
text_fieldsന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ഉൽപാദനത്തിലും കയറ്റുമതിയിലും റെക്കോഡ് നേട്ടവുമായി രാജ്യം. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1,50,590 കോടി രൂപയിലെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മൊത്തം ഉൽപാദനത്തിന്റെ 77 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളും 23 ശതമാനം സ്വകാര്യ മേഖലയുമാണ് സംഭാവന ചെയ്തത്. 2023-24ൽ രേഖപ്പെടുത്തിയ 1.27 ലക്ഷം കോടി രൂപയിൽനിന്ന് 18 ശതമാനവും, 2019-20 ലെ 79,071 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 90 ശതമാനവും വർധന രേഖപ്പെടുത്തി. പ്രതിരോധ ഉൽപാദന വകുപ്പിനൊപ്പം പൊതു, സ്വകാര്യമേഖല സ്ഥാപനങ്ങൾ കൈകോർത്തതോടെയാണ് നേട്ടം കൈവരിക്കാനായതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
വളരുന്ന സ്വകാര്യ പങ്കാളിത്തം
പ്രതിരോധ ഉൽപാദന മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്ക് ക്രമാനുഗതമായി വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിലെ 21 ശതമാനത്തിൽനിന്ന് 23 ശതമാനമായി ഇത് ഉയർന്നിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ പൊതുമേഖലയിൽ 16 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയപ്പോൾ, സ്വകാര്യ മേഖല 28 ശതമാനം വളർച്ച രേഖപ്പെടുത്തി. ആത്മനിർഭർ ഭാരത് അടക്കം നയപരിഷ്കാരങ്ങളാണ് നേട്ടത്തിന് പിന്നിലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
കയറ്റുമതിയിലും റെക്കോഡ്
പ്രതിരോധ കയറ്റുമതിയും 2024-25 ൽ 23,622 കോടി രൂപയെന്ന റെക്കോഡ് വരുമാനത്തിലെത്തി. 2023-24ൽ ഇത് 21,083 കോടി രൂപയായിരുന്നു, 12.04 ശതമാനമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

