ഇന്ത്യയിൽ കോവിഡ് ബാധിതർ 59 ലക്ഷം കവിഞ്ഞു; മരണം ലക്ഷത്തിലേക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. മരണസംഖ്യയും ലക്ഷത്തോട് അടുക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനകം 85,362 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 59.03 ലക്ഷമായി. രാജ്യത്ത് 1089 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണസംഖ്യ 93,379 ആയി ഉയർന്നു.
നിലവിൽ 9.60 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 48.49 ലക്ഷം പേർ രോഗമുക്തി നേടി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 7.02 കോടി കോവിഡ് പരിശോധനകളാണ് നടത്തിയത്. സെപ്റ്റംബർ 25ന് 13 ലക്ഷത്തിലേറെ സാമ്പിളുകളാണ് പരിശോധിച്ചത്.
ലോകത്താകെ 32.4 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 9,86,000 പേർക്ക് ജീവൻ നഷ്ടമായി. 23.3 ദശലക്ഷം പേർ രോഗമുക്തി നേടി.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള യു.എസിൽ 70 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. ബ്രസീലിൽ 47 ലക്ഷം കോവിഡ് ബാധിതരാണുള്ളത്.

