രാജ്യത്ത് കോവിഡ് ബാധിതർ 94 ലക്ഷം; 24 മണിക്കൂറിനിടെ 443 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം പുതിയ ഉയരത്തിലെത്തിയത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692 ആയി. 4,46,952 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 88,47,600 പേർ ഇതിനോടകം രോഗമുക്തി നേടി. 443 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,37,139 ആയി ഉയർന്നു.
8,76,173 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിൻെറ (ഐ.എം.സി.ആർ) കണക്കുകൾ പ്രകാരം രാജ്യത്ത് ഇതിനോടകം 14,03,79,976 കോവിഡ് ടെസ്റ്റുകൾ നടത്തി.
അരലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 23ാമത് ദിവസമാണിത്. നവംബർ ഏഴിനാണ് ഇന്ത്യയിൽ അവസാനമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നിരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.71 ശതമാനമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.

