രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു; 2.22 ലക്ഷം പുതിയ രോഗികൾ
text_fieldsചിത്രം: PTI
ന്യൂഡൽഹി: സമീപകാലത്ത് പ്രതിദിനം 4000 പേർ വെച്ച് കോവിഡ് ബാധിച്ച് മരിക്കുന്ന ഇന്ത്യയിൽ മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. യു.എസിനും ബ്രസീലിനും ശേഷം മൂന്ന് ലക്ഷമാളുകൾ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ഒരു മാസത്തിനിടെ 90,000 മരണങ്ങളും 80 ലക്ഷം കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
24 മണിക്കുറിനിടെ രാജ്യത്ത് 2,22,315 പുതിയ കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,02,544 പേർ രോഗമുക്തി നേടി.
ഞായറാഴ്ച 2,40,842 പുതിയ കേസുകളായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2.67 കോടിയായി. 4454 പേർ 24 മണിക്കൂറിനിടെ മരിച്ചു.
തമിഴ്നാട്ടിലാണ് (35,483) ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര (26,672), കർണാടക (25,979), കേരളം (25,820), ആന്ധ്രപ്രദേശ് (18,767) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ. രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 59.7 ശതമാനം ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
മഹാരാഷ്ട്രയിലും (1320) കർണാടകയിലുമാണ് (624) കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇപ്പോൾ 27 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുകയാണ്. 11.53 ആണ് രാജ്യത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അഞ്ച് ദിവസങ്ങളിലായി 20 ലക്ഷത്തിലേറെ സാംപിളുകളാണ് പരിശോധിച്ച് വരുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്ത് ഇതിനോടകം 19.6 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിരിക്കുന്നത്. ഡൽഹിയടക്കം നിരവധി സംസ്ഥാനങ്ങൾ വാക്സിൻ ലഭ്യത കുറഞ്ഞുവരികയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

