'ഓപറേഷൻ സിന്ദൂർ' വിദേശരാജ്യങ്ങളിൽ വിശദീകരിക്കാൻ കേന്ദ്രത്തിന്റെ പത്തംഗ സംഘം; കേരളത്തിൽനിന്ന് ശശി തരൂരും, ഇ.ടി.മുഹമ്മദ് ബഷീറും, ജോൺ ബ്രിട്ടാസും, വി. മുരളീധരനും
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും തുടർന്നുള്ള നിർണായക നയതന്ത്ര നീക്കത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ധരിപ്പിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയക്കുന്നു.
മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് സംഘത്തിലുണ്ടാകും. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് സർവകക്ഷി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ ഇക്കാര്യം നേരിൽ വിളിച്ചറിയിച്ചത്.
കോൺഗ്രസിൽനിന്ന് ശശി തരൂരിന് പുറമെ മനീഷ് തിവാരി, അമർ സിങ്, സൽമാൻ ഖുർശിദ് എന്നിവർ കൂടി സംഘത്തിലുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ), കനിമൊഴി (ഡി.എം.കെ), സഞ്ജയ് ഝാ (ജെ.ഡി.യു), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് താക്കറെ), വിക്രംജിത് സാഹ്നി (ആം ആദ്മി പാർട്ടി), സുസ്മിത് പത്ര (ബിജു ജനതാദൾ), സുപ്രിയ സുലെ (എൻ.സി.പി ശരത് പവാർ) എന്നിവരും ഇന്ത്യക്കായുള്ള നയതന്ത്ര ദൗത്യത്തിനുണ്ട്.
ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ സൽമാൻ ഖുർശിദും യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള സംഘത്തെ മനീഷ് തിവാരിയും നയിക്കുമെന്നും ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.