ഓപ്പറേഷൻ സിന്ദൂറിൽ കരുത്തുകാണിച്ച ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം ഇനി ബ്രസീലിലും
text_fieldsആകാശ് വ്യോമ പ്രതിരോധ സംവിധാനം
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യൻ നിർമ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയൻ സർക്കാർ. ജൂലൈ 5 മുതൽ 8 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പര്യടനം ആരംഭിച്ചതിന് പിന്നെലെയാണ് ബ്രസീൽ സർക്കാർ ഈയൊരു താൽപര്യം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ(കിഴക്കൻ) സെക്രട്ടറി പി. കുമരൻ ജൂലൈ രണ്ടിന് നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ബ്രസീൽ നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കുന്നത് ഒരു പ്രധാന ഭാഗമാകുമെന്ന് പറഞ്ഞിരുന്നു.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രധിരോധ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യുദ്ധ സമയങ്ങളിലെ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ, ഓഫ്‌ഷോർ പട്രോളിങ് കപ്പലുകൾ, സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ പരിപാലിക്കുന്നതിനുള്ള പങ്കാളിത്തം, ആകാശ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാങ്ങൾ, ഗരുഡ പീരങ്കി തോക്കുകൾ എന്നിവ സ്വന്തമാക്കാൻ ബ്രസീലിയൻ സർക്കാർ താത്പര്യപെടുന്നതായി പി. കുമരൻ പറഞ്ഞു. എംബ്രെയർ എന്ന കമ്പനിയിലൂടെ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയിൽ ബ്രസീലിനുള്ള ദീർഘകാല പരിചയം ഉപയോഗിച്ച് ഇന്ത്യയ്ക്കും ബ്രസീലിനും ഒരു സംയുക്ത സംരംഭം സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് വ്യോമ പ്രതിരോധ സംവിധാനം
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്താന് നൽകിയ തിരിച്ചടിയിലാണ് ആകാശ് വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ പ്രശംസ നേടുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ പാകിസ്താനിലെയും പാക്-അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. മറുപടിയായി ചൈനയും തുർക്കിയും നൽകിയ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശ്രീനഗർ മുതൽ ഭുജ് വരെയുള്ള ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമാക്കി പാകിസ്താൻ ആക്രമണം ആരംഭിച്ചു. എന്നാൽ പാകിസ്താന്റെ മറുപടി ഭീഷണികളെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയാൻ സൈന്യത്തിന് സാധിച്ചു.
ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) നിർമ്മിച്ച ആകാശ് മിസൈൽ സംവിധാനം ഇതിൽ പ്രധാന പങ്കുവഹിച്ചു. 25 കിലോമീറ്റർ വരെ അകലെ സൂപ്പർസോണിക് വേഗതയിൽ പറക്കുന്ന വിമാനങ്ങളെയും ഡ്രോണുകളെയും ഈ മിസൈലിന് ആക്രമിക്കാൻ കഴിയും. ഇന്ത്യയുടെ വലിയ ഇന്റഗ്രേറ്റഡ് കൗണ്ടർ-യു.എ.എസ് ഗ്രിഡുമായി (ഐ.എ.സി.സി.എസ്) ബന്ധിപ്പിച്ചിരിക്കുന്ന ആകാശ്, "എല്ലാ ഭീഷണികളെയും 100% കൃത്യതയോടെ തടഞ്ഞു" എന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ വിജയമാണ് ബ്രസീലിയൻ സർക്കാർ ആകാശിനെ അവരുടെ സൈന്യത്തിൽ ഉൾപെടുത്താൻ താൽപര്യം പ്രകടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം രാജ്യത്തെയും ബ്രസീൽ സർക്കാരിനെയും ഏറെ കരുത്തുറ്റതാക്കും. ഇരു രാജ്യങ്ങളും ചർച്ചക്കൊടുവിൽ കൂടുതൽ വ്യാപാര, വ്യോമ കരാറുകളിൽ ഒപ്പുവെക്കുമെന്നും പി. കുമരൻ പറഞ്ഞു. ഇത് ഇന്ത്യയുടെ കയറ്റുമതിയെ ശക്തിപെടുത്താൻ കൂടുതൽ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

