Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയകരം

text_fields
bookmark_border
ആഗസ്റ്റ് 24ന് ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ്
chandrayaan 3 launched in lvm3 rocket
cancel
camera_alt

ചന്ദ്രയാൻ മൂന്നുമായി എൽ.വി.എം 3 റോക്കറ്റ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയരുന്നു

ശ്രീഹരിക്കോട്ട: 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ ചിറകിലേറ്റി ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നു. ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐ.എസ്.ആർ.ഒയുടെ 40 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമായി.

ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എൽ.വി.എം 3 റോക്കറ്റ് എത്തിച്ചത്. ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (പെരിജി) 170 കിലോമീറ്ററും ഭൂമിയുടെ ഏറ്റവും ദൂരെയുള്ള അകലം (അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ മൂന്ന് ഭ്രമണം ചെയ്യുന്നത്. എൽ.വി.എം 3ന്‍റെ ഖര, ദ്രാവക, ക്രയോജനിക് എൻജിനുകൾ കൃത്യമായി പ്രവർത്തിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്. ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്, ചന്ദ്രന്‍റെ മണ്ണിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങൾ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്.

ഭൂമിയെ വലംവെക്കുന്ന പേടകം വരും ദിവസങ്ങളിൽ പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ സഹായത്തോടെ ഭ്രമണപഥം ഘട്ടം ഘട്ടമായി വികസിപ്പിച്ച് 40 ദിവസം കൊണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ചന്ദ്രന്‍റെ കാന്തികവലയത്തിൽ പ്രവേശിക്കുന്ന പേടകം 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിലേക്ക് മാറും. ഭ്രമണപഥം ചെറുതാക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രന്‍റെ 30 കിലോമീറ്റർ അടുത്തേക്ക് ലാൻഡറിനെ എത്തിക്കും.

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനുള്ള ശ്രമം തുടങ്ങും. ഇതിനായി വെലോസിറ്റി കുറക്കാൻ ലാൻഡറിലെ നാല് ത്രസ്റ്ററുകൾ എതിർദിശയിലേക്ക് പ്രവർത്തിക്കും. ചന്ദ്രനോട് കൂടുതൽ അടുത്തെത്തുന്ന ലാൻഡർ നാലു കാലുകൾ ഉപയോഗിച്ച് സോഫ്റ്റ് ലാൻഡിങ് ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തിൽ തൊടുന്ന ലാൻഡറിലെ റാംപിലൂടെ ആറു ചക്രങ്ങളുള്ള റോവർ ഉരുണ്ടിറങ്ങും. ചന്ദ്രനിൽ നിന്ന് ലാൻഡറും റോവറും ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡർ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിന് കൈമാറും. 14 ഭൗമദിനത്തിന് സമാനമായ ഒരു ചാന്ദ്രദിനത്തിലാണ് ലാൻഡറും റോവറും ചന്ദ്രന്‍റെ ഉപരിതലത്തിൽ പരീക്ഷണം നടത്തുക.

ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ഉൾപ്പെടുന്നതാണ് 3900 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്ന് പേടകം. 26 കിലോയുള്ള റോവർ ഉൾപ്പെടെ 1752 കിലോയാണ് ലാൻഡറിന്‍റെ ആകെ ഭാരം. ചന്ദ്രയാൻ രണ്ടുമായി താരതമ്യം ചെയ്താൽ പരീക്ഷണ ഉപകരണങ്ങൾ കുറവായ പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ ഭാരം 2148 കിലോഗ്രാമാണ്. 300 കോടി രൂപയാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ആകെ ചെലവ്.

ചന്ദ്രയാൻ മൂന്നിൽ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ഇതിൽ നാലെണ്ണം ലാൻഡറിലും രണ്ടെണ്ണം റോവറിലും ഒരെണ്ണം പ്രൊപ്പൽഷൻ മൊഡ്യൂളിലുമാണ്. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ , ചന്ദ്രോപരിതലത്തിലെ ധ്രുവ പ്രദേശത്തിന്‍റെ താപനില പഠിക്കാനുള്ള ചന്ദ്ര സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ്, ലാൻഡിങ് സൈറ്റിലെ ഭൂകമ്പ സാധ്യത അളക്കാനുള്ള ഇൻസ്ട്രമെന്‍റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി , നാസയിൽ നിന്നുള്ള ലേസർ റിട്രോ റിഫ്ലക്ടർ അറേ എന്നിവയാണ് ലാൻഡറിലുള്ളത്.

ചന്ദ്രനിലെ രാസഘടന പരിശോധിക്കാനുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ്, ചന്ദ്രനിലെ മൂലകഘടന നിർണയിക്കാനുള്ള ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ എന്നീ ഉപകരണങ്ങളാണ് റോവറിലുള്ളത്. ചന്ദ്രനെ വലംവെക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ഭൂമിയെയും പ്രവഞ്ചത്തെയും നിരീക്ഷിക്കാനുള്ള സ്പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് ആണ് മറ്റൊരു ഉപകരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian's Moon Mission Chandrayaan-3 launched in SDSC-SHAR, Sriharikota
Next Story