‘വിമാനയാത്രയിൽ ഉടനീളം കൈകാലുകൾ ബന്ധിച്ചു; വിലങ്ങഴിച്ചത് അമൃത്‌സറിൽ എത്തിയ ശേഷം’
text_fieldsചണ്ഡിഗഡ്: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ കൈകാലുകൾ വിമാനയാത്രയിൽ ഉടനീളം ബന്ധിച്ചുവെന്ന് പഞ്ചാബ് സ്വദേശി വെളിപ്പെടുത്തി. 104 പേരുമായെത്തിയ സൈനിക വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് വിലങ്ങഴിച്ചതെന്നും ഗുർദാസ്പുരിലെ ഹാർദോർവാൽ ഗ്രാമത്തിൽനിന്നുള്ള ജസ്പാൽ സിങ് വ്യക്തമാക്കി. 36കാരനായ ജസ്പാലിനെ ജനുവരി 24നാണ് യു.എസ് ബോർഡർ പട്രോൾ പിടികൂടിയത്.
ബുധനാഴ്ച രാത്രിയോടെ സ്വന്തം നാട്ടിലെത്തിയ ജസ്പാൽ സിങ്, തന്നെ ഒരു ട്രാവൽ ഏജന്റ് പറ്റിച്ചതാണെന്ന് പറഞ്ഞു. നിയമപരമായ രീതിയിൽ യു.എസിൽ എത്തിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വിസാചട്ടങ്ങൾ പാലിച്ച് യു.എസിലേക്ക് എത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഏജന്റിന് 30 ലക്ഷം രൂപ നൽകി. കഴിഞ്ഞ ജൂലൈയിൽ വിമാന മാർഗം ബ്രസീലിലെത്തി. അവിടെനിന്ന് മറ്റൊരു വിമാനത്തിൽ യു.എസിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ആറ് മാസത്തിനിപ്പുറവും ഏജന്റ് തുടർനടപടികൾക്ക് സഹായിക്കാതിരുന്നതോടെ അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബോർഡർ പട്രോളിന്റെ പടിയിലായി.11 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് മടക്കി അയക്കുന്നത്.
നാടുകടത്തപ്പെടുകയായിരുന്നു എന്ന കാര്യം പോലും താൻ അറിഞ്ഞില്ലെന്ന് ജസ്പാൽ പറയുന്നു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ പിന്നീടൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യയിലേക്ക് അയക്കുകയാണെന്ന് വ്യക്തമാക്കി. കൈയിൽ വിലങ്ങ് അണിയിക്കുകയും കാലുകളിൽ ചങ്ങല കെട്ടി ബന്ധിക്കുകയും ചെയ്തു. അമൃത്‌സർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഇത് അഴിച്ചത്. കടം വാങ്ങിയ പണം കൊണ്ടാണ് നാട്ടിൽനിന്ന് പോയതെന്നും ഇനി എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ജസ്പാൽ പറഞ്ഞു.
നാടുകടത്തലിന്റെ വിവരം ബുധനാഴ്ച മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജസ്പാലിന്റെ അമ്മാവന്റെ മകൻ ജസ്ബീർ സിങ് പറഞ്ഞു. വലിയ സ്വപ്നങ്ങളുമായാണ് വിദേശത്തേക്ക് പോകുന്നതെന്നും ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം സർക്കാറുകളാണെന്നും ജസ്ബീർ പറയുന്നു. ജസ്പാൽ യു.എസിൽ എത്തിയതിനു സമാനമായി, അതിർത്തി വഴി അനധികൃതമായി കടന്നവരാണ് തിരിച്ചയച്ചവരിൽ ഏറെയും. വിദേശത്ത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയെത്തിയ ഇവരിൽ ഏറെപേരും, ഭാവി അനിശ്ചിതത്വത്തിലാണെന്ന ആശങ്കയിലാണ്.
അതേസമയം പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപ് ഭരണകൂടം, വിവിധ സംസ്ഥാനങ്ങളിൽനിന്നായാണ് 104 ഇന്ത്യക്കാരെ തിരിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്. ബുധനാഴ്ച അമൃത്‌സറിൽ എത്തിയവരിൽ 33 വീതം പേർ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേർ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവടങ്ങളിൽനിന്നുള്ള മൂന്ന് വീതം പേരും ചണ്ഡിഗഡിൽ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തിരിച്ചെത്തിയവരിൽ 19 വനിതകളാണുള്ളത്. ഒരു നാല് വയസ്സുകാരനും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരുമുണ്ട്. ട്രംപ് ഭരണകൂടത്തിന്‍റെ നടപടി മോദി സർക്കാറിന്‍റെ നയതന്ത്ര പരാജയമായും വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

