ഭക്ഷണം കിട്ടിയില്ല, ഗൂഗ്ൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല; 18 മണിക്കൂറോളം ചൈനീസ് വിമാനത്താവളത്തിൽ കഴിഞ്ഞ അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവതി
text_fieldsബെയ്ജിങ്: ചൈനയിലെ ഷാങ്ഹായി പുഡോങ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെക്കപ്പെട്ടതിന്റെ ദുരനുഭവം പങ്കുവെച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതി. ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞാണ് അവരെ ചൈനീസ് അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. അരുണാചൽ പ്രദേശിൽ ജനിച്ചതുകൊണ്ടാണ് പാസ്പോർട്ട് അസാധുവായതെന്നാണ് പ്രേമ വാങിയോം തൊങ്ഡോക് എന്ന യുവതിയോട് പറഞ്ഞത്. കാരണം അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. യു.കെയിലാണ് പ്രേമ താമസിക്കുന്നത്. നവംബർ 21ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെയാണ് അവർ ഷാങ്ഹായി വിമാനത്താവളത്തിൽ ഇറങ്ങിയത്. 18 മണിക്കൂറോളമാണ് ചൈനീസ് ഇമിഗ്രേഷൻ അധികൃതർ അവിടെ തടഞ്ഞുവെച്ചത്.
''താൻ ജനിച്ചത് ചൈനയുടെ ഭാഗമെന്ന് കരുതുന്ന അരുണാചൽ പ്രദേശിലായതുകൊണ്ടാണ് പാസ്പോർട്ട് സാധുവല്ല എന്ന് പറഞ്ഞ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്''- എന്നാണ് പ്രേമ എക്സിൽ കുറിച്ചത്. പരിശോധനക്കിടെ ഇമിഗ്രേഷൻ അധികൃതർ തന്നെ പരിഹസിച്ചതായും അവർ പറയുന്നു. താൻ അരുണാചലിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, അതിന് അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിഹാസം കലർന്ന ചോദ്യം.
എന്താണ് പ്രശ്നമെന്ന് അവരോട് ചോദിക്കാൻ ശ്രമിച്ചപ്പോഴാണ് അരുണാചൽ ഇന്ത്യയുടെ ഭാഗമല്ലെന്നു പറഞ്ഞ് പരിഹാസം തുടങ്ങിയത്. നിങ്ങൾ തീർച്ചയായും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കണം, കാരണം നിങ്ങൾ ഇന്ത്യക്കാരിയല്ല ചൈനീസ് പൗരയാണ് എന്നും പറയുകയുണ്ടായി. വിമാനത്താവളത്തിലെ ജീവനക്കാരുടെ പെരുമാറ്റവും ഇതേ രീതിയിൽ തന്നെയായിരുന്നു.
യു.കെയിൽ ഫിനാൻഷ്യൽ അഡ്വൈസറായി ജോലി ചെയ്യുകയാണ് പ്രേമ. ഒരുവർഷം മുമ്പും ഷാങ്ഹായി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരുന്ന അവസരത്തിൽ ഒരു പ്രശ്നവും നേരിട്ടിരുന്നില്ലെന്നും അവർ പറയുന്നു. ഇത്തവണ ഉദ്യോഗസ്ഥർ അവരുടെ പാസ്പോർട്ട് കണ്ടുകെട്ടി. ഭക്ഷണം നൽകാൻ തയാറായില്ല. സാധുവായ ജാപ്പാനീസ് വിസയുണ്ടായിട്ടും ജപ്പാനിലേക്കുള്ള വിമാനത്തിൽ കയറാൻ സമ്മതിച്ചില്ല.
അതിനിടയിൽ യു.കെയിലെ സുഹൃത്തുക്കളുമായും ഷാങ്ഹായിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് പ്രേമസഹായം തേടി. ഇന്ത്യൻ എംബസി അധികൃതർ വിമാനത്താവളത്തിലെത്തി സഹായിക്കുകയായിരുന്നു. അങ്ങനെ 18മണിക്കൂറിനു ശേഷം അവർ ചൈനയിൽ നിന്ന് ജപ്പാനിലേക്ക് പറന്നു. 18 മണിക്കൂർ നീണ്ട പരീക്ഷണത്തിന് അതോടെ അവസാനമാവുകയും ചെയ്തു.
ഒരുപാട് കാലമായി യു.കെയിൽ താമസിക്കുകയായിട്ടും മാതൃരാജ്യത്തോടുള്ള സ്നേഹം കാരണമാണ് താൻ ഇന്ത്യൻ പാസ്പോർട്ട് ഒഴിവാക്കാതിരിക്കാൻ കാരണമെന്നും സ്വന്തം നാട്ടിൽ വിദേശിയായി കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് പ്രേമ വ്യക്തമാക്കുന്നത്. എന്നാൽ താൻ ബ്രിട്ടീഷ് പാസ്പോർട്ടിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

