ബന്ധുക്കളില്ല, ഇംഗ്ലീഷും അറിയില്ല; വിവാഹത്തിനായി യു.എസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല
text_fieldsന്യൂഡൽഹി: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി യു.എസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ലെന്ന് പരാതി. സിമ്രാൻ എന്ന 24 കാരിയെ ആണ് കാണാതായത്. ലിൻഡൻവോൾഡ് പൊലീസ് പരിശോധിച്ച നിരീക്ഷണ ദൃശ്യങ്ങളിൽ യുവതി ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതുമാണുള്ളത്. വിഡിയോയിൽ പെൺകുട്ടിയുടെ മുഖത്ത് അസ്വാഭാവികതയൊന്നും കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് സിമ്രാനെ കാണാനില്ലെന്ന് പരാതിയുയർന്നത്. യു.എസിലെത്തി അഞ്ചുദിവസം കഴിഞ്ഞതിന് ശേഷമാണിതെന്നു പൊലീസ് പറഞ്ഞു. അതിനിടെ, വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിനായാണോ യുവതി യു.എസിൽ എത്തിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന്റെ മറവിൽ യു.എസിലെത്താനുള്ള ശ്രമമാണോ നടന്നതെന്നാണ് പൊലീസിന്റെ സംശയം.
സിമ്രാന് യു.എസിൽ ബന്ധുക്കളില്ല. ഇംഗ്ലീഷ് ഭാഷയും അറിയില്ല. വൈ ഫൈ വഴിയാണ് പെൺകുട്ടിയുടെ ഫോൺ പ്രവർത്തിക്കുന്നത്. പെൺകുട്ടിയുടെ ഇന്ത്യയിലെ ബന്ധുക്കളെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അഞ്ചടി നാലിഞ്ചാണ് പെൺകുട്ടിയുടെ ഉയരം. 68 കി.ഗ്രാം ഭാരമുണ്ട്. നെറ്റിയുടെ ഇടതുവശത്തായി ചെറിയ അടയാളമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ ചാരനിറത്തിലുള്ള പാന്റും വെളുത്ത ടീഷർട്ടും ആണ് ധരിച്ചിട്ടുള്ളത്. ചെറിയ ഡയമണ്ട് കമ്മലും അണിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

