അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം
text_fieldsഹൈദരാബാദ്: അമേരിക്കയിലെ മിസൗരിയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ 31 കാരി ധരം സുപ്രിയ ദാരുണമായി മരണപ്പെട്ടു. സുപ്രിയ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് ഈ അപകടം സംഭവിച്ചത്. സെന്റ് ലൂയിസ് മേഖലയിലെ ഒരു റെസ്റ്റോറന്റിൽ ജോലി കഴിഞ്ഞ് രാത്രി വൈകിയാണ് സുപ്രിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ സുപ്രിയ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ മിസൗരിയിൽ ഭർത്താവിനും രണ്ടര വയസ്സുകാരനായ മകനുമൊപ്പമാണ് സുപ്രിയ താമസിച്ചിരുന്നത്. സുപ്രിയയുടെ ഭർത്താവ് രഞ്ജിത് സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തോളമായി ഈ കുടുംബം അവിടെയാണ് താമസം. ജോലി കഴിഞ്ഞ് രാത്രി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുപ്രിയ ഒരു നിമിഷം കൊണ്ട് ഇല്ലാതായെന്ന വാർത്ത താങ്ങാനാവാത്ത ആഘാതമാണ് കുടുംബത്തിന് സമ്മാനിച്ചിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സൂര്യപേട്ട് ജില്ലയിലെ കൊടാഡ് സ്വദേശിനിയാണെന്നും പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണെന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭർത്താവ് രഞ്ജിത് വിളിച്ചറിയിച്ചപ്പോഴാണ് ഈ വിയോഗവാർത്ത തെലങ്കാനയിലുള്ള സുപ്രിയയുടെ മാതാപിതാക്കളും ബന്ധുക്കളും അറിയുന്നത്. ഈ ദുരന്തം താങ്ങാനാവാതെ തകർന്നുപോയ കുടുംബം സുപ്രിയയുടെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിച്ച് അന്തിമ ചടങ്ങുകൾ നടത്താൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. സുപ്രിയയുടെ പിതാവ് ദാറം ശ്രീനിവാസ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കും സർക്കാരിനും ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിദേശത്ത് ദുരന്തത്തിൽ പെട്ട പ്രിയമകൾക്ക് അവസാനമായി ഒരു നോക്ക് കാണാനും അന്തിമകർമ്മങ്ങൾ ചെയ്യാനുമുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഈ മാതാപിതാക്കൾ.
അമേരിക്കയിലെ മിസൗരിയിൽ നടന്ന ട്രക്ക്-കാർ അപകത്തിനെക്കുറിച്ച് പ്രാദേശിക അധികാരികളും പൊലീസും കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ട്രക്ക് ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് ഔദ്യോഗിക റിപ്പോർട്ടുകളും ഇനിയും പുറത്തുവരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

