വായിൽ 38 പല്ലുകളുമായി ഗിന്നസ് വേൾഡ് റെക്കോഡ് കിരീടം നേടി 26കാരി
text_fieldsപ്രായപൂർത്തിയായ ഒരാൾക്ക് എത്ര പല്ല് കാണും. വെപ്പ് പല്ലൊന്നുമില്ലെങ്കിൽ 32 എന്നാണുത്തരം. പല്ലിന്റെ കാര്യത്തിൽ ഗ്വിന്നസ് വേൾഡ് റെക്കോഡ് കിരീടം ചൂടിയിരിക്കുകയാണ് 26 കാരി കൽപന ബാലൻ. കൽപനക്ക് 38 പല്ലുകളാണുള്ളത്. ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ പല്ലുകളുള്ളത് കൽപനക്കാണ്.
കൗമാരം പിന്നിട്ടതിനു ശേഷമാണ് കൽപനയുടെ വായയിൽ പല്ലുകൾ കൂടുതലായി മുളക്കാൻതുടങ്ങിയത്. പുതിയ പല്ലുകൾ വരുമ്പോൾ കൽപനക്ക് വേദനയൊന്നും അനുഭവപ്പെട്ടില്ല. എന്നാൽ ഭക്ഷണം കഴിക്കുന്നത് അൽപം പ്രശ്നമായിരുന്നു താനും. ഭക്ഷണം പല്ലുകൾക്കിടയിൽ കുടുങ്ങുന്നതാണ് കാരണം. ഒരിക്കൽ കൽപനയുടെ അച്ഛനമ്മമാർ വായ പരിശോധിച്ചപ്പോഴാണ് ഒരുസെറ്റ് അധികം പല്ല് വായയിൽ കണ്ടത്. തുടർന്ന് അധികമുള്ള പല്ലുകൾ കളയാനുള്ള ശ്രമം തുടങ്ങി അവർ. എന്നാൽ പല്ലുകൾ എടുത്തുമാറ്റുക എളുപ്പമായിരുന്നില്ല. അവ നന്നായി വളരുന്നത് വരെ കാത്തിരിക്കാനായിരുന്നു ഡെന്റിസ്റ്റിന്റെ നിർദേശം. താടിയെല്ലിന്റെ താഴെ ഭാഗത്ത് നാല് പല്ലുകളാണ് കൽപനക്ക് അധികമുള്ളത്. മുകൾഭാഗത്ത് രണ്ടും.
എന്നാലിപ്പോൾ ഗ്വിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയതോടെ കൽപന ഹാപ്പിയാണ്. തന്റെ ആജീവനാന്ത നേട്ടമെന്നാണ് ഇതിനെ കൽപന വിശേഷിപ്പിച്ചത്. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ പല്ലുകളുള്ളത് കാനഡയിലെ ഇവാനോ മെല്ലോണിനാണ്. 41 പല്ലുകളാണ് ഇവാനോയുടെ വായയിലുള്ളത്. വായയിൽ അമിതമായി പല്ലു വളരുന്നതിനെ ഹൈപ്പർഡോണ്ടിയ അല്ലെങ്കിൽ പോളിഡോണ്ടിയ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇതിന്റെ കാരണം അജ്ഞാതമാണ്.
ലോക ജനസംഖ്യയുടെ 3.8% വരെ ഒന്നോ അതിലധികമോ സൂപ്പർ ന്യൂമററി പല്ലുകൾ ഉണ്ട്. പല്ല് രൂപപ്പെടുന്ന പ്രക്രിയയിലെ തകരാറിന്റെ ഫലമാണ് ഹൈപ്പർഡോണ്ടിയ. ഒരു സാധാരണ പല്ലിന്റെ മുകുളത്തിന് സമീപം ഉയർന്നുവരുന്ന ഒരു അധിക ടൂത്ത് ബഡിൽ നിന്നോ അല്ലെങ്കിൽ ഒരു സാധാരണ പല്ലിന്റെ മുകുളത്തിന്റെ പിളർപ്പിൽ നിന്നോ ആണ് സൂപ്പർ ന്യൂമററി പല്ലുകൾ വികസിക്കുന്നത് എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

