ഇന്ത്യൻ വ്ലോഗറെ കസ്റ്റഡിയിലെടുത്ത് തുർക്കിയ; നടപടി സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക്, ക്ഷമാപണവുമായി യുവാവ്
text_fieldsന്യൂഡൽഹി: തുർക്കിയയിലെ സ്ത്രീകളെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഇന്ത്യൻ വ്ലോഗറെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. മാലിക് എസ്ഡി ഖാൻ എന്ന വ്ലോഗറാണ് തുർക്കിയയിൽ പൊലീസിന്‍റെ കസ്റ്റഡിയിലായത്. വ്യാപകമായ പ്രതിഷേധത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.
തുർക്കിയയിലെ പൊതുയിടത്തിലൂടെ വ്ലോഗ് ചെയ്ത് നടക്കുന്നതിനിടെ കടന്നുപോകുന്ന സ്ത്രീകളെക്കുറിച്ച് സെക്സിസ്റ്റ് കമന്‍റുകളും അധിക്ഷേപ പരാമർശവും നടത്തുകയായിരുന്നു ഇയാൾ. ഹിന്ദിയിലുള്ള വാക്കുകൾ നാട്ടുകാർക്ക് മനസ്സിലായില്ലെങ്കിലും, തുർക്കിയയിലെ സമൂഹമാധ്യമ ഉപയോക്താക്കൾ ഇത് ശ്രദ്ധിക്കുകയായിരുന്നു. സംഭവം തുർക്കിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യൂട്യൂബർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി നെറ്റിസൺസ് രംഗത്തുവന്നു.
വിവാദമായതോടെ മാലിക് ക്ഷമാപണവുമായി തന്‍റെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, എക്സ് അക്കൗണ്ടുകളിൽ വിഡിയോ പോസ്റ്റ് ചെയ്തു. തുർക്കിയയിലെ സ്ത്രീകളോട് ക്ഷമ ചോദിക്കുന്നതായി ഇയാൾ വിഡിയോയിൽ വ്യക്തമാക്കി. ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എന്‍റെ വാക്കുകളോ പ്രവൃത്തികളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് മനഃപൂർവമായിരുന്നില്ല. ആളുകളെ വേദനിപ്പിച്ചതിൽ വളരെയധികം ദുഃഖിക്കുന്നു -ക്ഷമാപണ വിഡിയോയിൽ പറയുന്നു. എന്നാൽ, തുർക്കിയ അധികൃതർ മാലികിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് സൈനിക പിന്തുണ നൽകിയ തുർക്കിയക്കെതിരെ ഇന്ത്യയിൽ ബഹിഷ്കരണാഹ്വാനം ഉയർന്നിരുന്നു. ഇതിനിടയിലാണ് തുർക്കിയയിൽ ഇന്ത്യൻ വ്ലോഗർ കസ്റ്റഡിയിലായിരിക്കുന്നത്.
യൂട്യൂബറുടെ അറസ്റ്റിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ തുർക്കിയ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. മാലികിന്‍റെ പ്രസ്തുത വീഡിയോകൾ യുട്യൂബ് ചാനലിൽനിന്ന് നീക്കിയെങ്കിലും ഇവയുടെ ചെറുക്ലിപ്പുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

