മൈലേജും കുറഞ്ഞു, പോക്കറ്റും കാലിയായി; ഇ20 പെട്രോൾ മൂലം ഇന്ത്യൻ വാഹന ഉടമകൾക്ക് നഷ്ടം 88,234 കോടി
text_fieldsന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്റെ ഇന്ധന നയം വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്. എഥനോൾ മിശ്രിതം കാരണം വാഹനങ്ങളുടെ മൈലേജ് കുറഞ്ഞതിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രം ഇന്ത്യൻ വാഹന ഉടമകൾക്ക് 88,234 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായത്. ദി റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട കണക്കുകളിലാണ് നിർണായക വിവരങ്ങളുള്ളത്.
പെട്രോളിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെ ബാധിക്കുന്നില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും വാദങ്ങളെ റിപ്പോർട്ട് തള്ളിക്കളയുന്നു. ഡൽഹിയിലെയും ഗുഡ്ഗാവിലെയും ഗതാഗതക്കുരുക്കാണ് മൈലേജ് കുറയാൻ കാരണമെന്നായിരുന്നു ഹർദീപ് സിംഗ് പുരിയുടെ അവകാശവാദം. എന്നാൽ, സർക്കാരിന്റെ ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു.
പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോളിന് ഊർജ്ജക്ഷമത 33 ശതമാനം കുറവാണ്. അതിനാൽ പെട്രോളിൽ 20% എഥനോൾ കലർത്തുമ്പോൾ ഇന്ധനത്തിന്റെ മൊത്തത്തിലുള്ള ഊർജ്ജക്ഷമതയിൽ ഏകദേശം 6.7% കുറവുണ്ടാകുന്നു. ഒരേ ദൂരം സഞ്ചരിക്കാൻ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമായി വരുന്നത് ഈ ശാസ്ത്രീയ കാരണം കൊണ്ടാണ്.
എഥനോൾ കലർത്താത്ത ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവസരവും സാധാരണക്കാർക്കില്ല. ഡൽഹിയിൽ ഇ20 പെട്രോളിന് ലിറ്ററിന് 102 രൂപയാണെങ്കിൽ, ശുദ്ധമായ പെട്രോളിന് 167 മുതൽ 170 രൂപ വരെയാണ് സർക്കാർ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 2021ൽ നീതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ഇന്ധന വിലയിൽ ആനുപാതികമായ ഇളവ് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യയിൽ 42.6 മില്യൺ മെട്രിക് ടൺ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചു. ഇത് ശുദ്ധമായ പെട്രോൾ ആയിരുന്നെങ്കിൽ 39.76 എം.എം.ടി മതിയെന്നിരിക്കെ, എഥനോൾ മിശ്രിതം കാരണം 2.83 എം.എം.ടി ഇന്ധനം അധികമായി ഉപയോഗിക്കേണ്ടി വന്നു. 2025-26 കാലയളവിൽ മാത്രം വാഹന ഉടമകൾക്ക് ഇതിലൂടെ 37,843 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായത്.
എഥനോൾ നയം മൂലം രാജ്യത്തിന് വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അതിന്റെ യഥാർത്ഥ സാമ്പത്തിക ഭാരം വഹിക്കുന്നത് സാധാരണക്കാരായ വാഹന ഉടമകളാണ്. മൈലേജ് കുറയുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളെയും പരാതികളെയും കേന്ദ്ര മന്ത്രിമാർ കാര്യമായി പരിഗണിക്കുന്നില്ല. എഥനോൾ മിശ്രിതത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗഡ്കരിയുടെ നേതൃത്വത്തിലുള്ള വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

