ഒന്നേകാൽ ലക്ഷത്തിന് ലണ്ടനിൽ പോയി കോവിഡ് വാക്സിനെടുത്ത് മടങ്ങാം; 'വാക്സിൻ ടൂറിസ'വുമായി ട്രാവൽ ഏജൻസികൾ
text_fieldsrepresentative image
ന്യൂഡൽഹി: വിേദശ രാജ്യങ്ങൾ കോവിഡ് വാക്സിന് അംഗീകാരം നൽകുന്നതോടെ ഇന്ത്യക്കാർക്കായി വാക്സിൻ ടൂറിസത്തിനുള്ള ആസൂത്രണത്തിലാണ് ട്രാവൽ ഏജൻസികൾ. വിവിധ കമ്പനികളുടെ കോവിഡ് വാക്സിനുകൾ വിതരണത്തിന് ഒരുങ്ങുകയാണ്. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. റഷ്യ സ്വന്തം വാക്സിൻ വിതരണം നേരത്തെ തുടങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രയും കോവിഡ് വാക്സിനും ചേർത്തുള്ള പാക്കേജുകളാണ് ട്രാവൽ ഏജൻസികൾ ആസൂത്രണം ചെയ്യുന്നത്.
നിലവിൽ, ഇന്ത്യക്കകത്തേക്കും പുറത്തേക്കുമുള്ള വിമാന യാത്രകൾ സാധാരണ നിലയിലായിട്ടില്ല. വാക്സിന് അംഗീകാരം നൽകിയ രാജ്യങ്ങൾ വിദേശികൾക്ക് വാക്സിൻ വിതരണം ചെയ്യാൻ തയാറാകുേമാ എന്ന കാര്യത്തിൽ കൃത്യത വന്നിട്ടുമില്ല. എന്നാലും,കൊൽക്കത്തയിലും ബംഗളൂരുവിലും മുംബൈയിലുമുള്ള വിവിധ ട്രാവൽ ഏജൻസികൾ 'വാക്സിൻ ടൂറിസത്തിനുള്ള' ആസൂത്രണവും നടപടികളും തുടങ്ങിയിട്ടുണ്ട്. മാർച്ച് പകുതിയാകുേമ്പാഴേക്കും വിദേശികൾക്ക് വാക്സിൻ വിതരണം ചെയ്യാനാകുമെന്ന് ലണ്ടനിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ചാരിയറ്റ് വേൾഡ് ടുർസ് ചെയർമാൻ ആത്മാനന്ദ് ഷാൻബാഗ് പറഞ്ഞതായി 'ദ പ്രിൻറ്' റിപ്പോർട്ട് ചെയ്തു.
ബംഗളുരുവിൽ നിന്ന് ലണ്ടനിലേക്ക് 4-5 ദിവസത്തെ യാത്രാ പാക്കേജാണ് ചാരിയറ്റ് ആസൂത്രണം ചെയ്യുന്നത്. 1.29 ലക്ഷം രൂപക്ക് ഇരുഭാഗത്തേക്കുമുള്ള യാത്രയും താമസവും ചെറിയ വിനോദ പരിപാടികളും ഒരു ഡോസ് കോവിഡ് വാക്സിനും പാക്കേജിൽ ഉൾപ്പെടും. മൂന്ന് ആഴ്ചക്കകം ഒരു ഡോസ് വാക്സിൻ കൂടി എടുക്കണം. ഇതിനായി പ്രത്യേകം പണമടച്ച് അവിടെ നിൽക്കുകയോ മൂന്നാഴ്ചക്കകം ഒരു യാത്ര കൂടി നടത്തുകയോ ചെയ്യാം.
ഡിസംബർ 15 ന് മുമ്പ് അമേരിക്ക വാക്സിന് അനുമതി നൽകുമെന്നാണ് കരുതുന്നത്. കോവിഡ് വാക്സിനായി മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയാണ് ജെം ടൂർസ് ആൻഡ് ട്രാവൽസ് ആസൂത്രണം ചെയ്യുന്നത്. 1.75 ലക്ഷം രൂപക്ക് 3-4 ദിവസത്തെ പാക്കേജാണിത്. കോവിഡ് വാക്സിനും മറ്റു ചെലവുകളും ഉൾപ്പെടുന്ന പാക്കേജ് തന്നെയാണ് ഇതും.
ബ്രിട്ടനിലേക്ക് 22 ദിവസത്തെ വാക്സിൻ ടൂറാണ് സെനിത് ഹോളിഡേയസ് ആസൂത്രണം ചെയ്യുന്നത്. ഒരാൾക്ക് ആറു ലക്ഷം രൂപ ചെലവ് വരുന്ന പാക്കേജാണിത്. ജനുവരി പകുതിയാകുേമ്പാഴേക്കും വാക്സിൻ ടൂർ യാഥാർഥ്യമാക്കാനാകുമെന്നാണ് സെനിത് ഡയറക്ടർ മനോജ് മിശ്ര പറയുന്നത്. റഷ്യയിലേക്കും വാക്സിൻ ടൂർ ഈ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.
നിലവിൽ, ഒരു കമ്പനിയും വിദേശ ആരോഗ്യ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയോ ധാരണയിലെത്തുകയോ ചെയ്തിട്ടില്ല. ധാരണയുണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ട്രാവൽ കമ്പനികളുടെ പ്രതിനിധികൾ പറയുന്നത്. കോവിഡ് വാക്സിൻ ടൂറിന് താൽപര്യമുള്ളവരുടെ വിവരശേഖരണമടക്കം ചില ട്രാവൽ ഏജൻസികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ആരിൽ നിന്നും പണം സ്വീകരിക്കുന്നില്ലെന്നും ടൂറിന് താൽപര്യമുള്ളവരുടെ പട്ടിക തയാറാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ട്രാവൽ കമ്പനികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

