ഉപരിപഠനത്തിന് റഷ്യയിലെത്തിയ ഇന്ത്യൻ വിദ്യാർഥിയെ സൈന്യത്തിൽ ചേർത്തതായി ആരോപണം
text_fieldsഡെറാഡൂൺ: റഷ്യയിൽ ഉപരിപഠനത്തിന് പോയ യുവാവിനെ നിർബന്ധിച്ച് റഷ്യൻ സൈന്യത്തിൽ ചേർത്തതായി ആരോപണം. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗർ, ശക്തിഫാം സ്വദേശിയായ രാകേഷ് കുമാറിനെയാണ് റഷ്യൻ സൈന്യത്തിൽ ചേർത്തതായും യുക്രെയ്നിലേക്ക് അയച്ചുവെന്നും കുടുംബം ആരോപിക്കുന്നത്.
സെപ്റ്റംബർ ആദ്യവാരം മുതൽ രാകേഷുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ച് വിദേശ്യകാര്യ മന്ത്രാലയത്തിന് കുടുംബം കത്ത് അയച്ചിട്ടുണ്ട്. അടിയന്തര സഹായം തേടി മോസ്കോയിലെ ഇന്ത്യൻ എംബസിയേയും പ്രാദേശിക അധികാരികളെയും സമീപിച്ചതായും കുടുംബം അറിയിച്ചു.
വിദ്യാർഥി വിസയിൽ സെന്റ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലയിൽ പ്രവേശനം നേടിയ രാകേഷ് ആഗസ്റ്റ് ഏഴിനാണ് റഷ്യയിലേക്ക് പോയത്. റഷ്യയിൽ എത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം എന്തോ അപകടമുണ്ടെന്ന് സൂചിപ്പിച്ചിരുന്നതായി വീട്ടിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.
പിന്നീട് ആഗസ്റ്റ് 30നാണ് രാകേഷ് അവസാനമായി കുടുംബവുമായി നേരിട്ട് ബന്ധപ്പെടുന്നതെന്നും അന്ന് തന്നെ റഷ്യൻ സൈന്യത്തിലേക്ക് നിർബന്ധിതമായി ചേർത്തുവെന്നും ഉടൻ തന്നെ യുദ്ധക്കളത്തിലേക്ക് അയക്കുമെന്നും അറിയിച്ചതായി സഹോദരൻ ദീപു മൗര്യ പറഞ്ഞു.
അതിനു ശേഷം രാകേഷിന്‍റെ ഫോൺ ലഭ്യമല്ലാതവുകയയായിരുന്നു. റഷ്യൻ സൈനിക യൂനിഫോമിൽ രാകേഷിന്റെ ഫോട്ടോ ലഭിച്ചുവെന്നും കുടുംബം പറഞ്ഞു. പിന്നീട് അജ്ഞാത നമ്പറിൽ നിന്നും ഒരു തവണ ബന്ധപ്പെട്ടതായും കുടുംബം കൂട്ടിച്ചേർത്തു. 'അവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഞങ്ങൾക്ക് അറിയില്ല. സർക്കാർ അവനെ സുരക്ഷിതമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം' ദീപു പറഞ്ഞു.
എന്നാൽ ഈ സംഭവം ഒറ്റപ്പെട്ടതല്ല. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നും യുവാക്കളെ വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ വാഗ്ദാനം ചെയ്ത് റഷ്യയിൽ എത്തിക്കുകയും തുടർന്ന് സൈനിക സേവനത്തിൽ നിർബന്ധിച്ച് ചേർക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സംഘർഷത്തിൽ 12 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 11ന് റഷ്യൻ സൈന്യത്തിലേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തിവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വിഷയം മോസ്കോയിലെയും ഡൽഹിയിലെയും റഷ്യൻ അധികാരികളുമായി ഉന്നയിച്ചിട്ടുണ്ടെന്നും ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

