കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ; മരിച്ചത് ഡൽഹി സ്വദേശിനി
text_fieldsന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്ക് കിഴക്ക് ഡൽഹിയിലെ വിജയ് പാർക്ക് സ്വദേശിയും 17കാരിയുമായ റ്റാനിയ ത്യാഗിയാണ് മരിച്ചത്. മരണവാർത്ത വാൻകുവറിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. കാനഡയിലെ കൽഗരി സർവകലാശാല വിദ്യാർഥിയാണ് റ്റാനിയ. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.
വിദ്യാർഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ എംബസി കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി എക്സിൽ കുറിച്ചു. എംബസിയുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഏതാനും മാസംമുമ്പ് വിദേശത്ത് ഇന്ത്യൻ വിദ്യാർഥിയെ കാണാതായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ചിൽ വിർജീനിയയിലെ ചാന്റിലിയിൽ നിന്നുള്ള 20 വയസുകാരി സുദിക്ഷ കൊണങ്കിയെയാണ് കാണാതായത്. യു.എസിൽ സ്ഥിരം താമസക്കാരിയായ സുദിക്ഷയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കാണാതായത്.
പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർഥിയായ സുദിക്ഷയെ അവസാനമായി കണ്ടത് മാർച്ച് ആറിന് പുലർച്ചെ റിയു പുന്തകാന ഹോട്ടലിന്‍റെ കടൽത്തീരത്താണ്. സുദിക്ഷക്കായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റും എഫ്.ബി.ഐയും ഡൊമിനിക്കൻ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. കോളജ് സുഹൃത്തുകൾക്കൊപ്പം അവധി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബീച്ചിലൂടെ നടക്കുന്നതിനിടെ യുവതി അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്.
തവിട്ട് നിറത്തിലുള്ള നീന്തൽ വസ്ത്രവും വലിയ വൃത്താകൃതിയിലുള്ള കമ്മലുകളും വലതുകാലിൽ ലോഹ പാദസരവും വലതു കൈത്തണ്ടയിൽ മഞ്ഞയും സ്റ്റീലും കലർന്ന ചെയ്‍നും ഇടത് കൈയിൽ ബഹുവർണ്ണ ബ്രേസ്ലെറ്റും ധരിച്ചാണ് സുദിക്ഷയെ അവസാനമായി കണ്ടതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

