സിഡ്നിയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 11 തവണ കുത്തേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
text_fieldsലഖ്നോ: ആസ്ത്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 11 തവണ കുത്തേറ്റു. ഗുരുതര പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. വംശീയ വിദ്വേഷമാണ് ആക്രമണത്തിനു പിന്നിലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.
സിഡ്നിയിലെ ന്യൂ സൗത് വേൽസിലെ സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുന്ന ശുഭം ഗാർഗ് എന്ന 28 കാരനാണ് കുത്തറ്റത്. ഒക്ടോബർ ആറിനായിരുന്നു സംഭവം. ശുഭം ഗാർഗിന്റെ രക്ഷിതാക്കൾ യു.പിയിലെ ആഗ്രയിലാണ് താമസം. അവർ ആസ്ത്രേലിയയിലേക്കുള്ള വിസക്ക് വേണ്ടി ശ്രമിക്കുകയാണ്.
ഐ.ഐ.ടി മദ്രാസിൽ നിന്ന് ബിരുദമെടുത്ത ശേഷം സെപ്റ്റംബർ ഒന്നിനാണ് ശുഭം ആസ്ത്രേലിയയിലേക്ക് പോയത്.
ആസ്ത്രേലിയയിൽ ഒക്ടോബർ ആറിന് രാത്രി 10.30നാണ് സംഭവം നടന്നത്. ഒരാൾ ശുഭത്തിന്റെ അടുത്ത് വരികയും പണം ആവശ്യപ്പെടുകയും ചെയ്തു. ശുഭം പണം നൽകാത്തതിൽ കുപിതനായ വ്യക്തി കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി ഓടിപ്പോയി.
ആസ്ത്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശുഭത്തിന് മുഖത്തും നെഞ്ചിലും വയറിലുമായി നിരവധി തവണ കുത്തേറ്റിട്ടുണ്ട്. കത്തേറ്റ ശേഷം ശുഭം തൊട്ടടുത്ത വീട്ടിലേക്ക് കയറിച്ചെല്ലുകയും അവർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ഒക്ടോബർ എട്ടിനാണ് വീട്ടിൽ വിവരം അറിയുന്നത്. ശുഭത്തെ നിരന്തരം വിളിച്ചിട്ടും കിട്ടിയിരുന്നില്ല. പിന്നീട് അവന്റെ സുഹൃത്ത് തിരിച്ച് വിളിച്ചപ്പോഴാണ് വിവരം അറിയുന്നതെന്ന് പിതാവ് രാം നിവാസ് ഗാർഗ് പറഞ്ഞു.
ശുഭം 11 മണിക്കൂർ നീണ്ട സർജറിക്ക് വിധേയനായിട്ടുണ്ട്. അണുബാധ ശരീരത്തിലേക്ക് പടരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അവന് ചികിത്സാ സഹായങ്ങൾ നൽകണമെന്ന് പിതാവ് സർക്കാറിനോട് അഭ്യർഥിച്ചു. ഇളയമകന് ആസ്ത്രേലിയയിലേക്ക് വിസ ശരിയാക്കി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ 27കാരൻ അറസ്റ്റിലായിട്ടുണ്ട്. ഇയാൾക്ക് ശുഭത്തെ നേരത്തെ പരിചയമില്ല. ഇത് വംശീയാതിക്രാമമാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് ആസ്ത്രേലിയൻ അധികൃതർ പറഞ്ഞു.