ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തി ഇന്ത്യ
text_fieldsന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റിഫൈനർമാർ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതായി റിപ്പോർട്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയാണ് കടൽമാർഗമുള്ള റഷ്യൻ ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങലുകാർ. റഷ്യ-യുക്രെയ്‌നിൽ യുദ്ധം നാലാം വർഷത്തിലെത്തിയതിനാൽ റഷ്യക്ക് നിർണായക വരുമാനം നേടിക്കൊടുക്കുന്ന രാജ്യവുമാണ്.
രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചക്കിടെ റഷ്യൻ ക്രൂഡ് ഓയിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പെട്ട സ്രോതസ്സുകൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ വാർത്തകളോട് ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, എം.ആർ.പി.എൽ, ഫെഡറൽ എണ്ണ മന്ത്രാലയം എന്നിവ പ്രതികരിച്ചില്ല. നാല് റിഫൈനറികൾ പതിവായി റഷ്യൻ എണ്ണ ഡെലിവറി അടിസ്ഥാനത്തിൽ വാങ്ങുകയും വിതരണത്തിനായി സ്പോട്ട് മാർക്കറ്റുകളിലേക്ക് വിടുകയും ചെയ്തിരുന്നു.
സ്വകാര്യ റിഫൈനറി കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയും മോസ്കോയുമായി വാർഷിക കരാറുകളുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങലുകാരുമാണ് ഇവർ. ജൂലൈ 14ന് മോസ്കോ യുക്രെയ്നുമായി ഒരു പ്രധാന സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
റഷ്യൻ കയറ്റുമതിയിലെ കുറവും സ്ഥിരമായ ഡിമാൻഡും കാരണം ഇന്ത്യൻ റിഫൈനറുകൾ റഷ്യൻ ക്രൂഡിൽ നിന്ന് പിന്മാറുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, യൂറോപ്യൻ യൂനിയന്റെ പുതിയ നിയന്ത്രണങ്ങൾ വിദേശ വ്യാപാരത്തെ സങ്കീർണമാക്കുമെന്ന് റിഫൈനർമാർ ഭയപ്പെടുന്നു.
ആഗസ്റ്റ് 1മുതൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ച ഉടൻ ആണിത്. റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങുന്നപക്ഷം അതിനുള്ള പിഴകളെക്കുറിച്ചും ട്രംപ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

