കാമുകിക്കായി ഇന്ത്യൻ വ്യവസായി ചെലവഴിച്ചത് 35 കോടി രൂപ!; പ്രണയം തകർന്നപ്പോൾ പണം തിരികെ നൽകാൻ കേസ്, ആവശ്യം തള്ളി കോടതി
text_fieldsസിംഗപ്പൂർ: പ്രണയബന്ധത്തിലായിരുന്ന കാലത്ത് കാമുകിക്ക് സമ്മാനങ്ങളായും പണമായും നൽകിയ വൻ തുക തിരിച്ചുപിടിക്കാൻ നിയമപോരാട്ടം നടത്തി ഒടുവിൽ പരാജയപ്പെട്ടിരിക്കുകയാണ് പ്രമുഖനായ ഒരു വ്യവസായി. ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ 'ടി.സി.ഐ എക്സ്പ്രസ് ലിമിറ്റഡ്'-ന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ചന്ദർ അഗർവാളാണ് സിംഗപ്പൂർ ഹൈക്കോടതിയിൽ മുൻ കാമുകിയായ ഫെലീഷ്യ ലീക്കെതിരെ കേസ് ഫയൽ ചെയ്തത്.
തങ്ങൾ ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് യുവതിയുടെ വിവിധ ആവശ്യങ്ങൾക്കായി ഏകദേശം 3,70,000 ഡോളർ (ഏകദേശം 35 കോടിയോളം രൂപ) ചെലവഴിച്ചിരുന്നു എന്നും ആ തുകയത്രയും സമ്മാനങ്ങളായല്ല മറിച്ച് പലിശരഹിത വായ്പയായിട്ടാണ് നൽകിയിരുന്നതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ സിംഗപ്പൂർ ഹൈക്കോടതി ആ പണം വായ്പയല്ലെന്നും മറിച്ച് പരസ്പര സ്നേഹത്താൽ നൽകിയ സമ്മാനങ്ങൾ മാത്രമാണെന്നും വ്യക്തമാക്കി ഹരജി തള്ളിക്കളയുകയായിരുന്നു.
2019-ൽ ഒരു വിമാനയാത്രക്കിടെയാണ് ചന്ദർ അഗർവാളും ഫെലീഷ്യ ലീയും ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് 2022 സെപ്റ്റംബറോടെ ഇവർ പ്രണയ ബന്ധത്തിലാവുകയും ചെയ്തു. എന്നാൽ യുവതി തന്നെ വഞ്ചിച്ചതായി സംശയം തോന്നിയതിനെത്തുടർന്ന് 2023 ഡിസംബറിൽ ഇവർ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ബന്ധം തകർന്നതിന് ശേഷമാണ് പണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നിയമപോരാട്ടങ്ങളും ആരംഭിച്ചത്. ഹെർമെസ്, ഡിയോർ, പ്രഡ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകൾ, വിദേശയാത്രകൾ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ, ക്രെഡിറ്റ് കാർഡ് വഴിയുള്ള വ്യക്തിഗത ചെലവുകൾ, കൂടാതെ സ്റ്റാൻഫോർഡ്-എൻ.യു.എസ് എക്സിക്യൂട്ടീവ് പ്രോഗ്രാം എന്നിവക്കായി താൻ വലിയ തുക മുടക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിൽ യുവതിയുടെ ഫ്ലാറ്റിനായി ഒരു ഫെങ് ഷൂയി മാസ്റ്ററെ വിളിച്ചതിന് മാത്രം 17,000 സിംഗപ്പൂർ ഡോളർ ചെലവഴിച്ചിരുന്നു.
യുവതി തന്നോട് പണം വായ്പയായി ആവശ്യപ്പെടുകയും അത് തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു എന്നും വാദിഭാഗം സമർപ്പിച്ച കൈയക്ഷരത്തിലുള്ള ഒരു കരാറിലൂടെ അഗർവാൾ തെളിയിക്കാൻ ശ്രമിച്ചു. എന്നാൽ ഫെലീഷ്യ ലീ ഈ രേഖയിലെ ഒപ്പ് പൂർണ്ണമായും നിഷേധിക്കുകയാണുണ്ടായത്. കൂടാതെ ഇരുവരും തമ്മിൽ നടത്തിയ നിരവധി വാട്സാപ്പ് ചാറ്റുകളിൽ ഒന്നിനും ഈ പണം വായ്പയാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള തെളിവുകൾ കണ്ടെത്താൻ കോടതിക്ക് സാധിച്ചില്ല. പരസ്പരം ഏറെ സ്നേഹത്തിലായിരുന്ന കാലത്ത് അഗർവാൾ സ്വന്തം ഇഷ്ടപ്രകാരമാണ് യുവതിയുടെ ചെലവുകൾ വഹിച്ചതെന്നും ഇതിൽ വായ്പയെന്നൊരു അർത്ഥവുമില്ലെന്നും കോടതി നിരീക്ഷിച്ചു.
ബന്ധം അവസാനിച്ചതിന് ശേഷം യുവതിയോട് പകരം വീട്ടാനും അവരിൽ നിന്ന് പണം പിഴിയാനുമുള്ള കടുത്ത വൈരാഗതയുടെ പുറത്താണ് സി.ഇ.ഒ ഈ കേസ് ഫയൽ ചെയ്തതെന്ന് കേസ് പരിഗണിച്ച സീനിയർ ജഡ്ജി ലീ സിയു കിൻ തന്റെ വിധിന്യായത്തിൽ വ്യക്തമാക്കി. തങ്ങളുടെ ബന്ധം സന്തോഷകരമായിരുന്ന സമയത്ത് അഗർവാൾ യാതൊരു മടിയുംകൂടാതെയാണ് കാമുകിക്ക് സമ്മാനങ്ങൾ നൽകിയതെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു. ഒടുവിൽ ഈ തുകകളെല്ലാം സമ്മാനങ്ങൾ മാത്രമാണെന്നും വായ്പയല്ലെന്നും വ്യക്തമാക്കിയ കോടതി, ചന്ദർ അഗർവാളിന്റെ ഹർജി തള്ളിക്കളയുകയും യുവതിയുടെ കോടതിച്ചെലവുകൾ കൂടി വാദി നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

