കൊറോണ വൈറസ് ഇതാ ഇങ്ങനാണ്
text_fieldsന്യൂഡൽഹി: കാൽലക്ഷത്തോളം പേരുടെ മരണത്തിനും ലോകം മുഴുവനുമുള്ള ലോക്ക് ഡൗണിനും ഇടയാക്കിയ കൊറോണ വൈറസിന്റെ ചിത്രമെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. അതിശക്ത മൈക്രോസ്കോപ് ഉപയോഗിച്ച് പകർത്തിയ സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് - 2 ( സാർസ് -കോവ് - 2) എന്ന നോവൽ കൊറോണ വൈറസിന്റെ ചിത്രം ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിലാണുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപി (TEM) ഉപയോഗിച്ച് കൊറോണ വൈറസിന്റെ ചിത്രമെടുത്തത്. ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളിയുടെ തൊണ്ടയിലെ സ്രവത്തിൽ നിന്നാണ് കൊറോണയെ ഇവർ പകർത്തിയത്. വൃത്താകൃതിയാണ് വൈറസിന് . അതിന്റെ പ്രതലത്തിൽ നിന്ന് ചെറിയ കാമ്പുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നുമുണ്ട്.

അതിനിടെ, കോവിഡ്-19 ബാധിച്ച 59കാരന്റെ ശ്വാസകോശത്തിന്റെ ത്രിമാന ദൃശ്യങ്ങൾ അമേരിക്കയിലെ ആശുപത്രി പുറത്തുവിട്ടു. കോവിഡ്-19 ബാധിക്കുന്നയാളുടെ ശ്വാസകോശം ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നും വിഡിയോയിൽ വാഷിങ്ടൺ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് സർജറി മേധാവി ഡോ. കീത്ത് മോർട്ട്മാൻ വിശദീകരിക്കുന്നു.ഉയർന്ന രക്തസമ്മർദ്ദമാണ് രോഗിക്ക് ഉള്ളത് ശ്വാസകോശത്തിന് വളരെ കേടുപാടുകളും സംഭവിച്ചിരിക്കുന്നു. ശ്വസിക്കാൻ വെന്റിലേറ്റർ നൽകിയിട്ടും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമേ ശരീരത്തിന്റെ രക്തചംക്രമണത്തിനും ഓക്സിജൻ സഞ്ചാരത്തിനുമായുള്ള സംവിധാനങ്ങളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
രോഗപ്രതിരോധ ശേഷി സ്വതവേ കുറഞ്ഞ 70-80 വയസ്സുള്ള ഒരാളെയല്ല പരീക്ഷണത്തിനായി കീത്ത് തെരഞ്ഞെടുത്തത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഒരാളെ വൈറസ് എങ്ങിനെ ബാധിക്കുമെന്ന് വിശദീകരിക്കാൻ ആയിരുന്നു ഇത്. പക്ഷേ, ഈ സ്ഥിതി തുടർന്നാൽ ഒരാഴ്ചയ്ക്കകം ഈ രോഗിയുടെ ആരോഗ്യസ്ഥിതി വഷളാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിൽ മഞ്ഞനിറത്തിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളിലാണ് ശ്വാസകോശത്തിൽ രോഗാണുബാധിച്ചിരിക്കുന്നത്. രോഗാണു ആക്രമിക്കാൻ തുടങ്ങുമ്പോൾ ശ്വാസകോശം അതിനെ നേരിടാൻ ശ്രമിക്കും. പരാജയപ്പെടുമ്പോൾ അത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. ഇക്കാര്യം സ്കാൻ പരിശോധനയിൽ നിന്നും അറിയാം. ഒരു ചെറിയ ഭാഗത്ത് മാത്രമാവില്ല ഇതിന്റെ കേടുപാടുകൾ സംഭവിക്കുക. ചെറുപ്പക്കാരായ രോഗികളിൽ പോലും രോഗാണു വളരെ പെട്ടന്ന് വ്യാപിച്ചേക്കാം. എന്നാൽ, ആരോഗ്യമുള്ള ശ്വാസകോശമുള്ള ഒരു രോഗിക്ക് സ്കാനിൽ മഞ്ഞനിറമുണ്ടാകില്ലെന്നും കീത്ത് വിശദീകരിക്കുന്നു.
ശ്വാസകോശത്തിന് തകരാറുള്ളവരിൽ രോഗാണു വളരെ പെട്ടന്ന് വ്യാപിച്ചേക്കാം. ഈ തോതിൽ കേടുപാടുകൾ സംഭവിച്ചുതുടങ്ങിയാൽ സുഖപ്പെടാൻ വളരെയധികം സമയമെടുക്കും. കോവിഡ് -19 ബാധിതരിൽ രണ്ട് മുതൽ നാല് വരെ ശതമാനം പേരിൽ ഇത്തരം കേടുപാടുകൾ പരിഹരിക്കാനാവില്ല. അവർ മരിക്കാനും ഇടയുണ്ട്.
കൊറോണ വൈറസ് ശ്ലേഷ്മസ്തരങ്ങളിലേക്കാണ് ആദ്യമെത്തുക. പിന്നീട് ശ്വാസകോശത്തിലേക്കും. പക്ഷേ, കോശജ്വലനത്തിലൂടെ ശരീരം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. ഇതു മൂലം ഓക്സിജൻ സഞ്ചാരം, കാർബൺഡൈ ഓക്സൈഡിനെ പുറന്തള്ളൽ തുടങ്ങി ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകൾ തടസ്സപ്പെടും.അത് ഒരു രോഗിയിൽ ശ്വാസതടസ്സം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഡോ. കീത്ത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
