മയക്കുമരുന്ന് കേസിൽ ക്ലീൻ ചിറ്റ്: ഇറാനിൽ തടവിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ നാലു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി
text_fieldsമയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇറാനിയൻ നാവിക സേന അറസ്റ്റ് ചെയ്ത് തടവിലാക്കിയ അഞ്ച് ഇന്ത്യൻ മർച്ചന്റ് നേവി നാവികർ നാലു വർഷത്തിനു ശേഷം നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക് മടങ്ങി.
400 ദിവസം ഇറാൻ ജയിലിൽ കഴിയേണ്ടി വന്ന മുംബൈ സ്വദേശികളായ അനികേത് യെൻപുരെ (31), മന്ദർ വോർലിക്കർ (28), പട്‌നയിൽ നിന്നുള്ള പ്രണവ് തിവാരി (23), ഉത്തരാഖണ്ഡിലെ ബാഗേശ്വർ സ്വദേശി നവീൻ സിങ് (24), തമിഴ്‌നാട് നാഗപട്ടണം സ്വദേശി തമിഴ് സെൽവൻ (25) എന്നിവരാണ് നാലു വർഷത്തിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയത്. 2021 മാർച്ചിൽ ഇറാനിയൻ പ്രാദേശിക കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും നയതന്ത്ര പ്രശ്നങ്ങൾ മൂലം മടക്കം വൈകുകയായിരുന്നു.
2019 ജൂലൈയിലാണ് സംഘം യാത്രപുറപ്പെടുന്നത്. ഇവർ സഞ്ചരിച്ച ചരക്കു കപ്പലിൽ അനധികൃത മയക്കുമരുന്ന് കയറ്റിയിരുന്നു. ഇത് കപ്പലിന്റെ ക്യാപ്റ്റനും മറ്റ് ഉന്നതരായ ചിലർക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. എന്നാൽ നടുക്കടലിൽ വെച്ച് ചരക്ക് കയറ്റിവിടുന്നത് കണ്ടപ്പോൾ സംശയം തോന്നിയ ഇവർ അഞ്ചുപേരും സംഭവം ഫോണിൽ പകർത്തി.
കപ്പൽ ഇറാൻ തീരത്തെത്തിയപ്പോൾ ഇറാനിയൻ നാവിക സേന കപ്പലിലെ മുഴുവൻ ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ അഞ്ചുപേരുടെയും കൈവശം ചരക്ക് കയറ്റി വിടുന്നതിന്റെ ദൃശ്യങ്ങളുണ്ടായതിനാൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാനായി.
അതേസമയം, ജയിൽവാസം ഭയപ്പെടുത്തുന്നതായിരുന്നെന്ന് ഇവർ പറഞ്ഞു. ഇറാനിയൽ ഉദ്യോഗസ്ഥരും സഹതടവുകാരുമെല്ലാം സൗമ്യമായാണ് പെരുമാറിയത്. ഇന്ത്യക്കാരാണെന്നറിഞ്ഞതിനാൽ കൂടുതൽ സഹായങ്ങൾ ലഭിച്ചു. ആശയവിനിമയം എളുപ്പമാകാൻ പ്രാഥമിക പേർഷ്യൻ ഭാഷപോലും പഠിപ്പിച്ചുവെന്നും അനികേത് പറയുന്നു.
ആദ്യ 14 ദിവസം ഒറ്റക്കായിരുന്നു തടവ്. അത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. നടപടി ക്രമങ്ങളെല്ലാം വളരെ മന്ദഗതിയാണ് മുന്നോട്ടുപോയത്. മൂന്നു മാസത്തിലൊരിക്കൽ ഞങ്ങളെ കോടതിയിൽ ഹാജരാക്കും. എന്നാൽ അടുത്ത് ഹാജരാകേണ്ട തീയതിമാത്രമാണ് ഓരോ തവണയും പ്രഖയാപിച്ചിരുന്നത്. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ 2021 മാർച്ച് ഒമ്പതിന് കോടതിയിൽ നിരപരാധിത്വം തെളിയിക്കാനായി. കോടതി കുറ്റവിമുക്തരാക്കി.
എന്നാൽ പാസ്പോർട്ട് അടക്കം രേഖകളെല്ലാം നഷ്ടപ്പെട്ടിരുന്നു. അവ ലഭ്യമാക്കുന്നതിനും മറ്റ് നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പിന്നെയും സമയമെടുത്തു. ഈ കാലമെല്ലാം പ്രദേശവാസികളാണ് സഹായിച്ചത്. അവർ ഞങ്ങൾക്ക് അവിടുത്തെ ഫോൺ കാർഡും ഫോണും സംഘടിപ്പിച്ച് തന്നു. വീട്ടുകാരുമായി ബന്ധപ്പെടാൻ സഹായിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നാട്ടുകാർ സഹായിച്ചു. ഏതായായലും ഒടുവിൽ നാട്ടിലെത്താൻ സാധിച്ചുവെന്നും അനികേത് യെൻപുരെ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.38 ഓടെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അനികേത് യെൻപുരെയും മന്ദർ വോർലിക്കറും വന്നിറങ്ങിയത്. മറ്റുള്ളവർ വഴിയെ നാട്ടിലെത്തും.
വീട്ടുകാർ സന്തോഷക്കണ്ണീരുമായാണ് ഇരുവരെയും വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇനിയും മർച്ചന്റ് നേവിയിൽ നാവികനായി പോകാൻ അനുവദിക്കില്ലെന്നാണ് വീട്ടുകാരുടെ പക്ഷം. എന്നാൽ നാവികസേനയിൽ തന്റെ കരിയർ തുടരാനാണ് ആഗ്രഹമെന്നും അനികേത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

