ട്രെയിൻ രണ്ടു മണിക്കൂർ വൈകി, പ്രവേശന പരീക്ഷ എഴുതാനായില്ല, വിദ്യാർഥിനിക്ക് റെയിൽവേ 9 ലക്ഷം നഷ്ടപരിഹാരം നൽകണം
text_fieldsലഖ്നോ: ട്രെയിൻ രണ്ടു മണിക്കൂർ വൈകിയതിനെ തുടർന്ന് പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെ ഒരു അധ്യയന വർഷം നഷ്ടപ്പെട്ട വിദ്യാർഥിക്ക് 9.1 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഉത്തർപ്രദേശിലെ ഒരു ജില്ല ഉപഭോക്തൃ ഫോറമാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. സേവനത്തിലെ പോരായ്മക്ക് റെയിൽവേ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തുകയായിരുന്നു.
ലഖ്‌നോവിലെ ചാർബാഗിലുള്ള ജയ് നാരായൺ പി.ജി കോളേജിൽ പ്രവേശന പരീക്ഷ എഴുതാൻ പോകാനാണ് വിദ്യാർഥിനി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12.30ന് പരീക്ഷാ ഹാളിൽ റിപ്പോർട്ട് ചെയ്യണം. എന്നാൽ, ട്രെയിൻ എത്തിയത് 1.34നും. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതിനാൽ പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കുകയും ചെയ്തു.
ഇതോടെ മാനസിക വിഷമമടക്കം ചൂണ്ടിക്കാട്ടി രക്ഷിതാവ് ഉപഭോക്തൃ കോടതിയിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയായിരുന്നു. അധ്യയന വർഷം നഷ്ടമായതോടെ മാനസികമായും ശാരീരികമായും സാമ്പത്തികമായും കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടായതായി പരാതിയിൽ പറഞ്ഞിരുന്നു.
കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയോടെയാണ് ഒരു യാത്രക്കാരൻ യാത്ര ആരംഭിക്കുന്നത്. സാങ്കേതിക തകരാറുകളുടെയോ മറ്റ് സാങ്കേതിക കാരണങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം ട്രെയിൻ എത്തുന്നതിൽ കാലതാമസം വരുത്തുന്നതിന് റെയിൽവേക്ക് ന്യായീകരണം നൽകാൻ കഴിയില്ല -പ്രസിഡന്റ് അമർജീത് വർമയും അംഗം അജയ് പ്രകാശ് സിങ്ങും നിരീക്ഷിച്ചു. 45 ദിവസത്തിനകം നഷ്ടപരിഹാരവും അഭിഭാഷക ഫീസായി 5,000 രൂപയും വ്യവഹാര ചെലവായി 5,000 രൂപയും റെയിൽവേ നൽകണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

