സ്ക്രീൻഷോട്ടും വാട്സ്ആപ് ടിക്കറ്റുമായി ട്രെയിൻ യാത്ര വേണ്ടെന്ന് ഇന്ത്യൻ റെയിൽവേ; ഡിജിറ്റൽ ടിക്കറ്റ് പരിശോധന കർശനമാക്കി
text_fieldsന്യൂഡൽഹി: വാട്സ്ആപ് വഴി പങ്കുവെക്കുന്ന ട്രെയിൻ ടിക്കറ്റുകൾ ഇനിമുതൽ പരിശോധന സമയത്ത് സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവൺ ആപ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ എടുത്ത ഫോണിൽതന്നെ കാണിക്കണമെന്നാണ് റെയിൽവേയുടെ വിശദീകരണം.
വാട്സ്ആപ് വഴിയോ മറ്റ് മെസേജിങ് ആപുകൾ വഴിയോ ലഭിക്കുന്ന ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, പി.ഡി.എഫ് കോപ്പികൾ, വാട്സ്ആപ് വഴിയോ മറ്റു ആപ്പുകൾ വഴിയോ പങ്കുവെക്കുന്ന ടിക്കറ്റുകൾ സാധുവായ യാത്രാരേഖയായി ഇനിമുതൽ പരിഗണിക്കില്ല. ടിക്കറ്റുകൾ ബുക്ക് ചെയ്ത ഒറിജിനൽ ആപിൽ തന്നെ കാണിക്കണം.
വാട്സ്ആപിൽ ടിക്കറ്റ് ഫോർവേഡ് ചെയ്യുകയോ സ്ക്രീൻഷോട്ട് സൂക്ഷിക്കുകയോ ചെയ്താൽ മതിയാകില്ല. ടിക്കറ്റ് ബുക്ക് ചെയ്ത അതേ മൊബൈൽ ഫോണിൽ റെയിൽവൺ ആപ്പ് തുറന്ന് യഥാർഥ ടിക്കറ്റ് കാണിക്കണം. കൂടാതെ പരിശോധനക്കിടെ ആവശ്യപ്പെട്ടാൽ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും റെയിൽവേ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ റെയിൽവേ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി പരിഗണിച്ച് പിഴ ചുമത്താം. റിസർവ്ഡ് ടിക്കറ്റുകൾക്ക് നിർദേശം ബാധകമല്ല.
പുതിയ മാർഗനിർദേശ പ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് മാത്രമേ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യാവൂ. ട്രെയിൻ പുറപ്പെട്ട ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ അസാധുവായി കണക്കാക്കുമെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
ഛത്തീസ്ഗഢിലെ കോർബ–വിശാഖപട്ടണം ലിങ്ക് എക്സ്പ്രസ് ട്രെയിനിലുണ്ടായ സംഭവമാണ് പുതിയ നിർദേശത്തിന് കാരണം. പരിശോധനക്കിടെ ഒരാൾ വാട്സ്ആപിൽ ലഭിച്ച ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് കാണിച്ചെങ്കിലും അധികൃതർ അത് അംഗീകരിച്ചില്ല. പിന്നീട് പരിശോധിച്ചപ്പോൾ ട്രെയിൻ പുറപ്പെട്ട ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും രജിസ്റ്റർ ചെയ്ത ഫോണിൽ യഥാർഥ ടിക്കറ്റ് ലഭ്യമല്ലെന്നും കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ പിഴ ചുമത്തുകയായിരുന്നു.
അതേസമയം, ഇന്ത്യൻ റെയിൽവേയുടെ പുതിയ നിർദേശത്തിനെതിരെ നിരവധി യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. മൊബൈൽ ഫോൺ തകരാറിലാകുകയോ ബാറ്ററി തീരുകയോ നെറ്റ്‌വർക്ക് ലഭിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാർ അനാവശ്യ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന ആശങ്ക പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ, ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയാനും ഒരേ ടിക്കറ്റ് പലരും ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് പുതിയ നിയന്ത്രണമെന്ന് റെയിൽവേ വിശദീകരിച്ചു. അതിനാൽ അൺറിസർവ്ഡ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ബുക്ക് ചെയ്ത അതേ ഫോൺ കൈവശം വെക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

