വനിതാ കോച്ചിൽ ഇനി പുരുഷന്മാർ കയറിയാൽ പിടിവീഴും; പിഴ 500-ൽ നിന്ന് 2,500 രൂപയായി കുത്തനെ കൂട്ടി ഇന്ത്യൻ റെയിൽവേ
text_fieldsന്യൂഡൽഹി: ട്രെയിനുകളിലെ വനിതാ കോച്ചുകളിലും സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള ബെർത്തുകളിലും കയറുന്ന പുരുഷ യാത്രക്കാർക്കെതിരെ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ നിയമത്തിലെ സെക്ഷൻ 162 ഭേദഗതി ചെയ്തുകൊണ്ട്, വനിതാ കമ്പാർട്ട്മെന്റുകളിൽ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് ചുമത്തുന്ന സ്പോട്ട് ഫൈൻ 500 രൂപയിൽ നിന്ന് 2,500 രൂപയായി കുത്തനെ വർദ്ധിപ്പിച്ചു. വനിതാ യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജനവിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം റെയിൽവേ പിഴത്തുക അഞ്ചിരട്ടിയാക്കി ഉയർത്തിയത്.
ജനറൽ കോച്ചുകളിൽ തിരക്കാണെന്ന കാരണത്താൽ ലേഡീസ് കോച്ചിൽ കയറിപ്പറ്റുന്ന പുരുഷന്മാർക്കെതിരെ ഇനി യാതൊരു ഇളവും നൽകേണ്ടതില്ലെന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും (ആർ.പി.എഫ്) ടിക്കറ്റ് പരിശോധനാ ജീവനക്കാർക്കും നൽകിയിട്ടുള്ള കർശന നിർദ്ദേശം. 2,500 രൂപ പിഴ ചുമത്തുന്നതിന് പുറമെ, ഇവരെ കോച്ചിൽ നിന്ന് ഉടനടി പുറത്താക്കാനും റെയിൽവേ ജീവനക്കാർക്ക് പൂർണ അധികാരമുണ്ടായിരിക്കും.
പിഴയടച്ചില്ലെങ്കിൽ 5,000 രൂപ കോടതി വഴി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഇളവ്
പുതുക്കിയ ചട്ടങ്ങൾ പ്രകാരം പിഴ തുക സ്ഥലത്തുവെച്ച് തന്നെ അടയ്ക്കാൻ തയ്യാറാകാത്ത പക്ഷം കേസ് നേരിട്ട് റെയിൽവേ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറും. കോടതി വഴി നടപടികളിലേക്ക് നീങ്ങിയാൽ 5,000 രൂപ വരെ പിഴ ശിക്ഷ വിധിക്കപ്പെടാം.
അതേസമയം, 2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഈ നിയമത്തിലെ നിയന്ത്രണങ്ങളിൽ നിന്നും പിഴയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സബർബൻ, പാസഞ്ചർ, ലോക്കൽ ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ പുരുഷന്മാർ കയറുന്നുവെന്ന വനിതാ യാത്രികരുടെ നിരന്തര പരാതികൾക്ക് പരിഹാരം കാണാനാണ് പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുന്നത്.
മറ്റ് നിയമലംഘനങ്ങൾക്കും പിഴ ഉയർത്തി
റെയിൽവേയിലെ പൊതു അച്ചടക്കം കർശനമാക്കുന്നതിന്റെ ഭാഗമായി മറ്റ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയും റെയിൽവേ ഉയർത്തിയിട്ടുണ്ട്:
ടിക്കറ്റില്ലാത്ത യാത്ര: സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ചുമത്തുന്ന കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി. (യഥാർത്ഥ യാത്രാക്കൂലി ഇതിന് പുറമെ നൽകണം).
റെയിൽവേ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യൽ: സ്റ്റേഷൻ പരിസരങ്ങളിലെയും ട്രെയിനുകളിലെയും സൗകര്യങ്ങൾ ദുരുപയോഗം ചെയ്താൽ മുൻപുണ്ടായിരുന്ന 150 രൂപയ്ക്ക് പകരം 2,000 രൂപ വരെ പിഴ ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

