അനധികൃതമായി ട്രെയിൻ ടിക്കറ്റ് കൈക്കലാക്കിയിരുന്ന 8.57 ലക്ഷം അകൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഇന്ത്യൻ റെയിൽവേയുടെ ശുദ്ധികലശം; 77 ലക്ഷം അനധികൃത യൂസർ ഐ.ഡികളും ബ്ലോക്ക് ചെയ്തു
text_fieldsന്യൂഡൽഹി: റെയിൽവേ ടിക്കറ്റുകൾ ഓൺലൈനിലൂടെ അനധികൃതമായി കൈക്കലാക്കിയിരുന്ന 8.57 ലക്ഷം അകൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഇന്ത്യൻ റെയിൽവേയുടെ ശുദ്ധികലശം. 77 ലക്ഷം അനധികൃത യൂസർ ഐ.ഡികളും ബ്ലോക്ക് ചെയ്തു.
റെയിൽവേയുടെ പല ബുക്കിങ് പേജുകളിലായി കാപ്ച പരിഷ്‍കരിച്ചും പേയ്മെന്റിലേക്ക് വരുന്നതിന് മുമ്പ് കൃത്യമായി നിരീക്ഷിച്ചും തത്കാൽ ബുക്കിങ്ങിൽ ആധാർ നിർബന്ധമാക്കിയുമൊക്കെയാണ് കാലാകാലങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാർക്ക് ലഭിക്കേണ്ട റെയിൽവേ സീറ്റുകൾ തട്ടിയെടുത്ത് ഇതിൽ അഴിഞ്ഞാട്ടം നടത്തി നേട്ടം കൊയ്തിരുന്ന ഹാക്കിങ് സംഘങ്ങളെ ഒതുക്കിയത്.
ഇത്തരം ബോട്ട് അകൗണ്ടുകൾ തള്ളിക്കയറിയതു കാരണം സൈറ്റ് പലപ്പോഴും വേഗം കുറഞ്ഞതും അനധികൃതമായി ടിക്കറ്റുകൾ കൈക്കലാക്കിയിരുന്നതും വലിയ തിരിച്ചടിയായിരുന്നെന്ന് ഇന്ത്യൻ റെയിൽവേയുടെ ടെക്നോളജിക്കൽ വിങ് സെന്റർ ഓഫ് ഇന്ത്യൻ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം മാനേജിങ് ഡയറക്ടർ ജി.വി.എൽ സത്യകുമാർ പറയുന്നു.
ഇ-ടിക്കറ്റിങ് സിസ്റ്റത്തിലൂടെ ഒക്ടോബർ മാസത്തിൽ മാത്രം 10.57 ബില്യൻ ശ്രമങ്ങളെയാണ് റെയിൽവേ ടിക്കറ്റ് നൽകാതെ ഒഴിവാക്കിയത്. ഇന്ത്യയിലെ പ്രമുഖമായ ഒരു ഐ.ടി സെക്യൂറിറ്റി സൊല്യൂഷൻ കമ്പനിയുടെ സഹായത്തോടെയാണ് റയിൽവേ ഈ നേട്ടം കൈവരിച്ചത്.
ഓട്ടോമേറ്റഡ് ആയ സോഫ്റ്റ്വെയർ വഴി ടിക്കറ്റ് തിരിമറി നടത്തിയിരുന്ന ശ്രമങ്ങളെ പല തലത്തിലുള്ള സെക്യൂരിറ്റി സിസ്റ്റം കൊണ്ടാണ് റെയിൽവേ നേരിട്ടത്. സംശയം തോന്നിയ ഐ.പി അഡ്രസ്സുകൾ മരവിപ്പിച്ചു.
35 സെക്കന്റുകൾക്കുള്ളിൽ ഡാറ്റയിലേക്ക് പ്രവേശിക്കുന്ന അകൗണ്ടുകൾ സ്വാഭാവികമായി റിജക്ട് ചെയ്യുന്ന രീതിയായിരുന്നു നടത്തിയത്. കാരണം ഇത്രയും സമയം കൊണ്ട് വ്യക്തികൾക്ക് പ്രവേശിക്കാൻ കഴിയില്ല. അതിനാൽതന്നെ അത് സോഫ്റ്റ്വെയർവഴിയുള്ള പ്രവേശനമാണെന്ന് കണ്ടെത്തിയിട്ടാണ് ഇങ്ങനെ ചെയ്തത്.
എല്ലാ ഐ.പി അഡ്രസുകൾക്കും ഒരു ‘റെപ്യൂട്ടേഷൻ സ്കോർ’ ഏർപ്പെുത്തി. അകൗണ്ടുകളുടെ ഹിസ്റ്ററി പരിശോധിച്ചും നിർജീവമായ അകൗണ്ടാണോ എന്നു പരിശോധിച്ചുമൊക്കെയാണ് കോടിക്കണകിന് അകൗണ്ടുകളിൽ നിന്ന് തെറ്റായവയെ കണ്ടെത്തിയത്. ഇതുവഴി ഓവർലോഡ് ഒഴിവാക്കാനും സത്യസന്ധമായി ടിക്കറ്റ് അപേക്ഷിക്കുന്നവർക്ക് വേഗം ലഭിക്കാനും കാരണമായി.
ജൂലൈ മാസം മുതലായിരുന്നു റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധമാക്കിയത്. ഇതും വൻ വിജയമായിരുന്നു റെയിൽവേ സൈറ്റുകളുടെ ദുരുപയോഗം കണ്ടെത്തുന്നതിൽ. ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ നിലനിന്ന തട്ടിപ്പുസംഘങ്ങളെ വിദഗ്ധമായി ഒതുക്കിയതുവഴി ഇന്ത്യൻ റെയിൽവേക്ക് വൻ നേട്ടമാണ് ഒരുമാസംകൊണ്ട് കൈവരിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

