കുട്ടികൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കണം, റെയിൽവേയുടെ ടിക്കറ്റ് നയം ഇങ്ങനെ
text_fieldsന്യൂഡൽഹി: ക്രിസ്മസും പുതുവത്സരവുമടക്കം അവധിക്കാലമിങ്ങെത്തി. ഒഴിവുദിനങ്ങളിൽ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുമായി വിനോദയാത്രയോ ബന്ധുവീടുകളിലെ സന്ദർശനമോ പദ്ധതിയിടാത്തവർ വിരളമായിരിക്കും. സാധാരണക്കാർ ഏറ്റവും ആശ്രയിക്കുന്ന ഗതാഗതമാർഗ്ഗമാണ് റെയിൽ. യാത്ര ദീർഘമോ ഹ്രസ്വമോ ആവട്ടെ, കുട്ടികളുമായി ട്രെയിനിൽ യാത്രചെയ്യുമ്പോൾ റെയിൽവേയുടെ ടിക്കറ്റ് നയം അറിഞ്ഞിരിക്കുന്നത് നന്നാവും.
അഞ്ചുവയസുവരെയുള്ള കുട്ടികൾക്ക് ട്രെയിനുകളിൽ യാത്ര സൗജന്യമാണ്. എന്നാൽ, ഇതിന് ചില നിബന്ധനകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേയുടെ ടിക്കറ്റ് നയം
പ്രായപരിധി കണക്കാക്കിയാണ് കുട്ടികളുടെ ടിക്കറ്റിനും റിസർവേഷനും റെയിൽവേ നിരക്ക് നിശ്ചയിക്കുന്നത്.
- അഞ്ച് വയസ്സിന് താഴെ
യാത്ര സൗജന്യം. പ്രത്യേക ബെർത്തോ സീറ്റോ ആവശ്യമില്ലെങ്കിൽ മാത്രമാണ് ഈ ഇളവ്. അല്ലെങ്കിൽ മുഴുവൻ തുക നൽകി ടിക്കറ്റ് എടുക്കണം.
- അഞ്ചു മുതൽ 12 വയസുവരെ
ബെർത്ത്/സീറ്റ് ആവശ്യമില്ലെങ്കിൽ കുട്ടികളുടെ നിരക്ക്. പ്രത്യേക ബെർത്ത്/സീറ്റ് വേണോ? എങ്കിൽ മുതിർന്നവർക്കുള്ള നിരക്ക് നൽകി ടിക്കറ്റ് എടുക്കണം
- 12 വയസും അതിനുമുകളിലും
മുതിർന്നവർക്കുള്ള മുഴുവൻ നിരക്കും നൽകി ടിക്കറ്റ് എടുക്കണം.
കുട്ടികളുടെ പ്രായപരിധിയും ടിക്കറ്റിങ് രീതികളും സംബന്ധിച്ച നയം വ്യക്തമാക്കി 2020 മാർച്ച് ആറിന് റെയിൽവേ മന്ത്രാലയം സർക്കുലറിറക്കിയിരുന്നു. ഇതുപ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ സൗജന്യമായി ട്രെയിനിൽ കൊണ്ടുപോകാനാവും. എന്നാൽ, ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികൾക്ക് പ്രത്യേക ബെർത്തോ സീറ്റോ (ചെയർ കാർ സംവിധാനം) നൽകില്ല. ചുരുക്കത്തിൽ അഞ്ചുവയസും താഴെയും പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്ത് വേണ്ടെങ്കിൽ ടിക്കറ്റ് എടുക്കേണ്ടതില്ല. അതേസമയം ഇവർക്ക് ബെർത്തോ സീറ്റോ ആവശ്യമുണ്ടെങ്കിൽ നിർബന്ധമായും മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് തന്നെ നൽകി ടിക്കറ്റ് എടുക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

