ആകാശച്ചുഴിയിൽ ആടിയുലഞ്ഞിട്ടും ഇന്ത്യൻ യാത്രാവിമാനത്തിന് പാക് വ്യോമാതിർത്തി കടക്കാൻ അനുമതി നിഷേധിച്ചു
text_fieldsശ്രീനഗര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തിെന്റ മുൻഭാഗം തകർന്ന നിലയിൽ
ന്യൂഡല്‍ഹി: ആകാശച്ചുഴിയിൽ ആടിയുലഞ്ഞിട്ടും പാക് വ്യോമാതിർത്തി ഉപയോഗിക്കാൻ യാത്രാവിമാനത്തിന് ഇന്ത്യൻ വ്യോമസേനയും ലാഹോറിലെ എയർ ട്രാഫിക് കൺട്രോൾ ടവറും (എ.ടി.സി) അനുമതി നിഷേധിച്ചെന്ന് ഡി.ജി.സി.എ. ഡല്‍ഹിയില്‍നിന്നും ശ്രീനഗറിലേക്ക് അമൃത്സര്‍ മേഖലയിലൂടെ സഞ്ചരിച്ച ഇന്‍ഡിഗോ 6 ഇ 2142 വിമാനത്തിലെ പൈലറ്റാണ് പാക് വ്യോമമേഖല ഉപയോഗിക്കാന്‍ അനുമതി തേടി വ്യോമസേനയെയും ലാഹോര്‍ എ.ടി.സിയെയും സമീപിച്ചത്. അനുമതി നിഷേധിച്ചതോടെ മോശം കാലാവസ്ഥയിലും നേരത്തേ നിശ്ചയിച്ച പാതയിലൂടെ തന്നെ വിമാനം സഞ്ചരിക്കുകയായിരുന്നു.
ഉധംപുർ മേഖലയോട് അനുബന്ധിച്ച വ്യോമഗതാഗതം നിയന്ത്രിക്കുന്നത് ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള നോർത്തേൺ ഏരിയ കൺട്രോൾ സെന്റർ (എൻ.എ.സി.സി) ആണ്. ഇതിന് പിന്നാലെ, ഇന്ത്യൻ വിമാനങ്ങൾക്ക് അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി നൽകാൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള നോർത്തേൺ ഏരിയ കൺട്രോൾ സെന്ററിന് അധികാരമില്ലെന്നും അത് ഡൽഹി എയർ ട്രാഫിക് കൺട്രോളിന്റെ കീഴിലാണെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
ടി.എം.സി നേതാവും എം.പിയുമായ ഡെറിക് ഒബ്രിയാന്, നദീമുൽ ഹഖ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 227 യാത്രക്കാരുമായാണ് വിമാനം സഞ്ചരിച്ചിരുന്നത്. ആകാശച്ചുഴിയും കനത്ത ആലിപ്പഴം വീഴ്ചയും അതിജീവിച്ച വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരുള്‍പ്പെടെ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍, വിമാനത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ തകര്‍ന്ന നിലയിലുള്ള ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായതോടെയാണ് വ്യോമപാത ഉള്‍പ്പെടെ അടച്ച് ഇരു രാജ്യങ്ങളും നടപടികള്‍ കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

