സഹയാത്രികന്റെമേൽ മൂത്രമൊഴിക്കൽ വീണ്ടും; അമേരിക്കൻ എയർലൈൻസിലെ യാത്രക്കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികന്റെമേൽ മൂത്രമൊഴിച്ച സംഭവം വീണ്ടും. അമേരിക്കൻ എയർലൈൻസിന്റെ ന്യൂയോർക്ക്-ഡൽഹി എ.എ 292 വിമാനത്തിലാണ് സംഭവം.
മദ്യലഹരിയിൽ തർക്കിച്ചശേഷം സഹയാത്രികന്റെമേൽ മൂത്രമൊഴിച്ച ഇന്ത്യക്കാരനെ വിമാനം ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ വിമാന ജീവനക്കാർ സുരക്ഷാചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷ സേനക്ക് കൈമാറി. ഇയാളെ പിന്നീട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇരയായ യാത്രക്കാരൻ രേഖാമൂലം പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
വിമാനത്തിൽ സഹയാത്രികരുടെ മേൽ മൂത്രമൊഴിക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി വർധിച്ചിരുന്നു. കഴിഞ്ഞവർഷം നവംബർ 26ന് എയർ ഇന്ത്യയുടെ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചയാളെ ഈവർഷം ജനുവരിയിൽ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം ഡിസംബർ ആറിനുള്ള എയർ ഇന്ത്യയുടെ പാരിസ്-ഡൽഹി വിമാനത്തിലെ ഒഴിഞ്ഞ സീറ്റിലും അടുത്തുള്ള യാത്രക്കാരിയുടെ പുതപ്പിലും സഹയാത്രികൻ മൂത്രമൊഴിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

