മുത്തശ്ശനെ സവർണർ ക്ലാസിൽ ഇരിക്കാൻ പോലും സമ്മതിച്ചിരുന്നില്ല -ഓക്സ്ഫഡ് ബിരുദം നേടിയ പേരമകളുടെ കുറിപ്പ് വൈറൽ
text_fieldsന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയിൽനിന്നും ബിരുദം നേടിയ ഇന്ത്യൻ യുവതി തനിക്ക് പ്രചോദനമായ മുത്തശ്ശനെക്കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജാതിയുടെ പേരിൽ പീഡിപ്പിക്കപെട്ട, ക്ലാസ് മുറിയിൽ ഇരിക്കാൻ പോലും സവർണർ സമ്മതിക്കാതിരുന്ന, ജാതിബോധം പേറുന്ന അധ്യാപകരിൽ നിന്ന് വിവേചനം നേരിട്ട മുത്തശ്ശനാണ് തനിക്ക് പ്രചോദനമെന്ന് ജൂഹി കോറെ എന്ന യുവതി പറയുന്നു.
'1947-ൽ ഇന്ത്യ സ്വതന്ത്രമായ വർഷമായിരുന്നെങ്കിലും എല്ലാ പൗരനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. അങ്ങനെയുള്ളവരിൽ ഒരാൾ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ താഴ്ന്ന ജാതിയിൽപെട്ട കുടുംബത്തിലെ ഒരു സ്കൂൾ വിദ്യാർഥിയായിരുന്നു. അവനെ സ്കൂളിൽ അയക്കാൻ മാതാപിതാക്കൾക്ക് ആശങ്കയായിരുന്നു. വിദ്യാർഥികളും അധ്യാപകരും അവനോട് എങ്ങനെ പെരുമാറുമെന്ന ഭീതി കാരണമായിരുന്നു അത്. ഇതേതുടർന്ന് കുടുംബം പുലർത്താൻ നാലു വയസ്സുള്ള ആ മൂത്ത കുട്ടി ഫാമിൽ ജോലിക്ക് പോയിത്തുടങ്ങി.'
'എന്നാൽ പഠിക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു അവൻ. എല്ലാവരും ഉണരുന്നതിന് മുമ്പ് പുലർച്ചെ മൂന്നു മുതൽ ഫാമിൽ ജോലി ആരംഭിക്കാനും ശേഷം രാവിലെ സ്കൂളിൽ പോകാനും അവൻ തീരുമാനിച്ചു. എന്നാൽ, സ്കൂളിൽ അവന്‍റെ മാതാപിതാക്കൾ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. പാദരക്ഷകൾ പോലുമില്ലാതെ ഒന്നര മണിക്കൂർ നടന്ന് സ്കൂളിൽ പോയെങ്കിലും ക്ലാസ് മുറിയിൽ ഇരിക്കാൻ പോലും അവന് അനുവാദം ലഭിച്ചില്ല. ഫാമിലെ പണിക്കാണെങ്കിൽ കൂലിയും ലഭിച്ചിരുന്നില്ല, പകരം ആഹാരം ലഭിച്ചു. പഴയ പുസ്തകങ്ങൾ കടം വാങ്ങിയും ഗ്രാമത്തിലെ ഒരേയൊരു വിളക്കുകാലിന് താഴെ ഇരുന്ന് പഠിച്ചും എല്ലാവരേക്കാളും ഉയർന്ന മാർക്ക് അവൻ സ്വന്തമാക്കി.'
'സ്കൂളിലെ പ്രിൻസിപ്പലാണ് അവന്‍റെ കഴിവുകൾ തിരിച്ചറിഞ്ഞ് സഹായം നൽകിയത്. വർഷങ്ങൾക്ക് ശേഷം തുടർപഠനത്തിനായി ബോംബെയിലെത്തിയപ്പോൾ അദ്ദേഹമാണ് പഠനത്തിനും മറ്റു ചിലവുകൾക്കുമുള്ള പണം നൽകിയത്. സർക്കാർ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ ഇംഗ്ലീഷ് പഠിക്കുകയും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. ഒടുവിൽ സർക്കാർ ജോലി നേടുകയും അതേ കെട്ടിടത്തിൽ തന്നെ സേവനം ചെയ്ത് ഉന്നത തസ്തികയിൽ വിരമിക്കുകയും ചെയ്തു.... അത് തന്‍റെ മുത്തശ്ശനാണ്.!' -ജൂഹി കോറെ ലിങ്ക്ഡ്ഇന്നിലെ കുറിപ്പിൽ പറയുന്നു.
'ഒരു വർഷം മുമ്പ് അദ്ദേഹം മരിച്ചു. മുത്തശ്ശനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. അദ്ദേഹമാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി തന്നത്. ഇപ്പോൾ ഞാൻ അഭിമാനത്തോടെ പ്രഖ്യാപിക്കട്ടെ, ഞാൻ ഓക്സ്ഫഡിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നു...! -ജൂഹി കോറെ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

