നാവികസേനയുടെ വെടിവെപ്പിൽ മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്
text_fieldsരാമനാഥപുരം: മത്സ്യബന്ധന ബോട്ടിന് നേരെ ഇന്ത്യൻ നാവികസേന നടത്തിയ വെടിവെപ്പിൽ മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് മയിലാടുതുറ ജില്ലയിലെ മാനഗിരി സ്വദേശിയായ കെ. വീരവേലി (32)നാണ് പരിക്കേറ്റത്. വീരവേലിന്‍റെ വയറ്റിലാണ് രണ്ട് വെടിയുണ്ടകൾ പതിച്ചത്.
പുതുക്കോട്ട ജില്ലയിലെ കൊടിയകര മേഖലയിലെ കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് സംഭവം. ഇന്ത്യ-ശ്രീലങ്ക രാജ്യന്തര സമുദ്രാർത്തിയിലെ പാൽക് ബേയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബോട്ടിന് നേരെ പട്രോളിങ് നടത്തുകയായിരുന്ന നാവികസേനാ കപ്പൽ വെടിയുതിർക്കുകയായിരുന്നു.
വീരവേലിനെ ഉടൻ തന്നെ സേനാ ഹെലികോപ്റ്ററിൽ ഉച്ചപ്പുളി ഐ.എൻ.എസ് പരുന്തു നാവികകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് രാമനാഥപുരം സർക്കാർ ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി മധുര മെഡിക്കൽ കോളജിലേക്ക് മാറ്റി.
നാവികസേനയുടെ കപ്പലിൽ നിന്നുള്ള വെടിവെപ്പിൽ മത്സ്യബന്ധന ബോട്ടിലും വെടിയുണ്ട പതിച്ചു. പ്രാഥമിക മുന്നറിയിപ്പ് നൽകിയിട്ടും ബോട്ട് നിർത്താതെ പോയ സാഹചര്യത്തിലാണ് വെടിവെച്ചതെന്ന് നാവികസേന അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പൊലീസ് അറിയിച്ചു.