‘ലോകയാൻ’ കഴിഞ്ഞ് തിരിച്ചെത്തി; കടലോളം കണ്ടറിഞ്ഞ ഐ.എൻ.എസ് സുദർശിനിയെ വരവേറ്റ് നാവികസേന
text_fieldsകൊച്ചി: പത്ത് മാസം നീണ്ട സമുദ്രാന്തര നാവികയാത്രയായ ‘ലോകയാൻ 26’വിജയകരമായി പൂർത്തിയാക്കി കൊച്ചിയിൽ മടങ്ങിയെത്തിയ ഐ.എൻ.എസ് സുദർശിനിക്ക് ഇന്ത്യൻ നാവികസേനയുടെ പ്രൗഢോജ്ജ്വല വരവേൽപ്പ്. ജലാഭിഷേകവും നാവികസേന ബാൻഡ് സംഘത്തിന്റെ ആചാരപരമായ സ്വീകരണവും കപ്പലിന്റെ മടങ്ങിവരവിന് മാറ്റുകൂട്ടി. 22,000 നോട്ടിക്കൽ മൈലിലധികം സമുദ്രങ്ങളിലൂടെ സഞ്ചരിച്ച കപ്പലിലെ ജീവനക്കാരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും എത്തി. ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ അധ്യക്ഷതയിലാണ് വരവേറ്റത്.
ജനുവരി 20ന് കൊച്ചിയിൽ നിന്നാണ് ‘ലോകയാൻ 26’യാത്ര തുടങ്ങിയത്. ഏഷ്യ, യൂറോപ്, ആഫ്രിക്ക, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങൾ സന്ദർശിച്ചു. അറ്റ്ലാന്റിക് സമുദ്രം രണ്ട് തവണ മുറിച്ചുകടന്നതും വ്യത്യസ്ത സമുദ്രാന്തരീക്ഷങ്ങളിലൂടെയുള്ള ദീർഘദൂര യാത്രകളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
ഫ്രാൻസിൽ നടന്ന സമുദ്രപൈതൃക മേളയിലും അമേരിക്കയിൽ നടന്ന അന്താരാഷ്ട്ര നാവിക അവലോകന പരിപാടികളിലും കപ്പലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ലോകയാന്റെ വിജയകരമായ പൂർത്തീകരണം ഇന്ത്യയുടെ സമുദ്രബന്ധങ്ങളിലും ആഗോള ഇടപെടലുകളിലും നിർണായക നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

