പെറുവിൽ ഇന്ത്യൻ പൗരനുനേരെ വെടിവെപ്പ്; ആഭരണങ്ങളുമായി കടന്നുകളഞ്ഞ് അക്രമികൾ
text_fieldsവെടിയേറ്റ വിജയിനെയും എസ്പിനോസയെയും ചികിത്സക്കായി സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
ലിമ: പെറുവിലെ തലസ്ഥാനമായ ലിമക്ക് സമീപം കലാവോയിലെ ഹൈവേയിൽ പകൽവെളിച്ചത്തിൽ നടന്ന കവർച്ചയിൽ ഇന്ത്യൻ പൗരന് നേരെ വെടിവെപ്പ് . ആഭരണങ്ങളുമായി സഞ്ചരിച്ച വാഹനത്തെ ആയുധധാരികളായ കവർച്ചാസംഘം തടഞ്ഞുനിർത്തി നടത്തിയ ആക്രമണത്തിലാണ് ഇന്ത്യൻ പൗരനും പെറുവിയൻ യുവതിക്കും വെടിയേറ്റത്. 29കാരനായ വിജയ് പഗ്രാനി ഇസയും 35കാരിയായ പെറുവിയൻ പൗര മരി നതാലി മിറാൻഡ എസ്പിനോസയും, ജോർജ് ചാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണത്തിനിരയായത്.
മുഖം മറച്ചെത്തിയ അക്രമികൾ കോസ്റ്റ വെർഡെ ഹൈവേയിലെ സാന്ത റോസ അവന്യൂവിൽ വാഹനം തടഞ്ഞുനിർത്തി വളയുകയും ജനലുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ആഭരണപ്പൊതികൾ അടങ്ങിയ ബ്രീഫ്‌കേസുകൾ കവർന്ന് സംഘം രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും പരിക്കേറ്റു.
വെടിയേറ്റ വിജയ് പഗ്രാനിയെയും മരി എസ്പിനോസയെയും ചികിത്സക്കായി സാൻ ജൂഡാസ് ടാഡിയോ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കവർച്ചക്ക് പിന്നാലെ എട്ട് വാഹനങ്ങളുമായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്വർണക്കട്ടികളാണോ അക്രമികളുടെ ലക്ഷ്യമെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. കവർച്ചയുടെ യഥാർഥ ലക്ഷ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

