ഇന്ത്യന്‍ പൗരൻ പാകിസ്താനില്‍ റിമാൻഡിൽ
text_fieldsഇസ്ലാമാബാദ്: മതിയായ യാത്രരേഖകളില്ലാത്ത ഇന്ത്യൻ പൗരൻ പാകിസ്താനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. മുംബൈയിലെ ജോഗേശ്വരി ഇൗസ്റ്റ് സ്വദേശി ശൈഖ് നബി അഹ്മദാണ് ഇസ്ലാമാബാദിലെ എഫ്8 ഏരിയയിൽനിന്ന് അറസ്റ്റിലായതായി എക്സ്പ്രസ് ട്രൈബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തത്. ഇൗ മാസം 19നാണ് അറസ്റ്റ് നടന്നതായി പറയുന്നത്.
എഫ് 8 ഏരിയയിെല നാസിമുദ്ദീൻ റോഡിലൂടെ നടന്നുപോകുേമ്പാൾ ശൈഖിനെ ചെക്ക്പോസ്റ്റിൽ തടയുകയായിരുന്നു. ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോൾ പൊലീസ് യാത്രരേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, വിസയടക്കം രേഖകൾ കാണിക്കാൻ കഴിഞ്ഞില്ലെന്നും ഇതേതുടർന്നാണ് അറസ്റ്റെന്നും പാക് പൊലീസ് പറഞ്ഞു.
അനധികൃതമായി രാജ്യത്തു തങ്ങിയതിന് 1946ലെ വിദേശി നിയമത്തിെൻറ വകുപ്പുകളുടെ ലംഘനമനുസരിച്ചാണ് ശൈഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പാക് പൊലീസ് അറിയിച്ചു. എന്നാൽ, അറസ്റ്റിനെക്കുറിച്ച് ഇന്ത്യൻ ഹൈകമീഷന് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്ത് ഏതാനും ദിവസത്തിനകമാണ് മറ്റൊരു ഇന്ത്യൻ പൗരൻ പാകിസ്താനിൽ പിടിയിലായ വിവരം പുറത്തുവരുന്നത്.
